പെര്‍ത്ത് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ലീഡ്

single-img
14 January 2012

പെര്‍ത്ത്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 161 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് പോകാതെ 178 റണ്‍സ് നേടിയിട്ടുണ്ട്. 122 റണ്‍സോടെ ഡോവിഡ് വാര്‍നറും 51 റണ്‍സോടെ എഡ് കവനുമാണ് ക്രീസില്‍. ഓസീസിന് 17 റണ്‍സ് ലീഡ് നിലവിലുണ്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനു നിയോഗിക്കപ്പെട്ട ഇന്ത്യ ദയനീയമായ കീഴടങ്ങുകയായിരുന്നു. പിച്ചിലെ ആനുകൂല്യം പരമാവധി മുതലെടുത്ത ഓസീസ് പേസര്‍മാര്‍ തീതുപ്പിയപ്പോള്‍ ഇന്ത്യ ചാരമായി. 44 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. വി.വി.എസ് ലക്ഷമണ്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ 31 റണ്‍സ് വീതം നേടി.

ഓസീസിനു വേണ്ടി ഹില്‍ഫനോസ് നാലും പീറ്റര്‍ സിഡില്‍ മൂന്നും വിക്കറ്റ് നേടി. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2നു പിന്നിലാണ്.