കുറ്റപത്രം കിട്ടിയാല്‍ രാജിവയ്ക്കുമെന്ന് വി.എസ്

single-img
13 January 2012

തിരുവനന്തപുരം: ബന്ധുവിനു ഭൂമി പതിച്ചു നല്‍കിയ കേസില്‍ കുറ്റപത്രത്തില്‍ പേരുവന്നാല്‍ രാജിവയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തനിക്കെതിരേയുള്ള കേസ് യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച അദ്ദേഹം കേസിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞു.

കുറ്റപത്രം ലഭിച്ചവരടങ്ങുന്ന മന്ത്രിസഭയാണു യുഡിഎഫിന്റേതെന്നു കുറ്റപ്പെടുത്തിയ വിഎസ്, അന്തിമറിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തപ്പെടുകയാണെങ്കില്‍ താന്‍ അവരുടെ മാര്‍ഗം പിന്തുടരുകയില്ലെന്ന് എഴുതിത്തയാറാക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നേതൃത്വവുമായും സംസാരിച്ചിട്ടുണെ്ടന്നും അറിയിച്ചു.

കള്ളക്കേസില്‍ പെടുത്തിയാല്‍ താന്‍ അടങ്ങിക്കോളും എന്നാണു ധാരണയെങ്കില്‍ അതു നടപ്പില്ല. അഴിമതിക്കും പെണ്‍വാണിഭത്തിനും ദുര്‍നയങ്ങള്‍ക്കുമെതിരായ പോരാട്ടം അവസാനശ്വാസം വരെ തുടരും. ഭരണരംഗത്തെയോ ഉദ്യോഗസ്ഥരംഗത്തെയോ മാഫിയകളെല്ലാം ചേര്‍ന്നു ശ്രമിച്ചാലും തന്നെ നിശബ്ദനാക്കാനാവില്ല. യുഡിഎഫ് സര്‍ക്കാരിനെതിരായ നിയമസമരവും രാഷ്ട്രീയ പോരാട്ടവും തുടരുകതന്നെ ചെയ്യും.

അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മാഫിയകള്‍ക്കുമെതിരേ പോരാടുമ്പോള്‍ത്തന്നെ ഇത്തരം കള്ളക്കേസുകളും ഭീഷണികളുമുണ്ടാകുമെന്ന് അറിയാം. എന്നാല്‍, പോരാട്ടത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കള്ളക്കേസ് പോലുള്ള കുത്സിതശ്രമങ്ങള്‍കൊണ്ടു കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കണം.

വിജിലന്‍സ് കേസിനു പിന്നില്‍ ഗൂഢാലോചനയുണെ്ടന്നു വ്യക്തമായിരുന്നു. അന്വേഷണസംഘത്തിനുമേല്‍ സമ്മര്‍ദമുണ്ടായി. വിജിലന്‍സ് കേസ് എടുക്കാന്‍ തീരുമാനിച്ച ദിവസം ഇന്ദിരാഭവനില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വന്നതും മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെയും മറ്റും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ എത്രതന്നെ ശ്രമിച്ചാലും സാധിക്കില്ലെന്നു വ്യക്തമാണ്. അതുകൊണ്ട് ഈ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന തന്നെ അതിനു മുമ്പു കള്ളക്കേസില്‍ പെടുത്തണം എന്ന തിട്ടൂരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയതെന്ന് വിഎസ് ആരോപിച്ചു. പാമോയില്‍ കേസ്, ഇടമലയാര്‍ കേസ് തുടങ്ങിയ വിഷയങ്ങളിലൊക്കെ രാഷ്ട്രീയമായും നിയമപരമായും പോരാടുന്നതന്നെ അവസാനിപ്പിക്കണമെന്നു ജനവിരുദ്ധ ശക്തികളും മാഫിയകളും ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം കള്ളക്കേസുകള്‍കൊണെ്ടാന്നും തന്നെ പിന്തിരിപ്പിക്കാമെന്നു വ്യാമോഹിക്കേണ്ടതില്ലെന്ന് വിഎസ് വ്യക്തമാക്കി.