വിജിലന്‍സ് കേസ്: വി.എസ് കേന്ദ്രനേതൃത്വത്തിന് മുന്നില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചു

single-img
13 January 2012

മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ ആരോപണത്തില്‍ വിജിലന്‍സ് തനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാന്‍ വി.എസ് സന്നദ്ധത പ്രകടിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് വി.എസ് രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്‌ടെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആയിരുന്നു കാരാട്ടിന്റെ പ്രതികരണം.

എഫ്‌ഐആര്‍ സമര്‍പ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഇത് കേവലം നടപടിക്രമം മാത്രമാണെന്നും കാരാട്ട് വി.എസിനെ ധരിപ്പിച്ചു. കേസില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തനിക്ക് പിന്തുണയുമായി രംഗത്തെത്താഞ്ഞതും വി.എസിന്റെ രാജിതീരുമാനത്തിന് പ്രേരണയായിട്ടുണ്‌ടെന്നാണ് വിവരം. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വി.എസ് ഇന്നലെ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോ മറ്റ് മുതിര്‍ന്ന നേതാക്കളോ വി.എസിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കോടിയേരി ബാലകൃഷ്ണനും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും തയാറായുമില്ല.

മുഖ്യമന്ത്രിയായിരിക്കെ 2009 ല്‍ കാസര്‍ഗോഡ് താലൂക്കില്‍ ബന്ധുവും വിമുക്ത ഭടനുമായ ടി.കെ. സോമന് ചട്ടവിരുദ്ധമായി 2.33 ഏക്കര്‍ റവന്യൂഭൂമി പതിച്ചുനല്‍കിയെന്നാണ് ആരോപണം. സ്ഥലം പതിച്ചുനല്‍കിയത് കൂടാതെ നിയമം മറികടന്ന് ഇതിന് വില്‍പനാവകാശവും നല്‍കിയതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കാസര്‍ഗോഡ് യൂണിറ്റ് ഇത് സംബന്ധിച്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനാകുറ്റം, തെളിവുനശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 420, 201 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ 13-1 (ബി), 13-2 എന്നീ വകുപ്പുകളുമാണ് വി.എസ് ഉള്‍പ്പെടെയുള്ള എട്ട് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. വി.എസ് ഒന്നാം പ്രതിയും റവന്യൂമന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍ രണ്ടാം പ്രതിയും വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ് മൂന്നാം പ്രതിയുമായിട്ടാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്.