കൊച്ചി മെട്രോ: സമയക്രമം പാലിച്ചാല്‍ ഭരണാനുമതി വൈകില്ല- കെ.എം. ചന്ദ്രശേഖരന്‍

single-img
13 January 2012

സമയക്രമം പാലിച്ചാല്‍ കൊച്ചി മെട്രോ റെയിലിനു കേന്ദ്രമന്ത്രിസഭയുടെ അനുമതി ഫെബ്രുവരി അവസാനത്തോടെ ലഭിക്കുമെന്നു സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖരന്‍ പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 31-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ തുടങ്ങാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഈമാസം 23ന് കേന്ദ്രപൊതുനിക്ഷേപ ബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കാബിനറ്റ് സെക്രട്ടറിക്ക് അയക്കും.

തുടര്‍നടപടികളുടെ ഭാഗമായി നഗരവികസന മന്ത്രാലയം റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം 31നു കേന്ദ്ര പൊതുനിക്ഷേപ ബോര്‍ഡ് വീണ്ടും യോഗം ചേരും. ഇതിനുശേഷം അഞ്ചു ദിവസത്തിനകം മിനിറ്റ്‌സ് തയാറാക്കി കാബിനറ്റ് സെക്രട്ടേറിയറ്റിലേക്ക് അയക്കും. ഫെബ്രുവരി 15ന് ചേരുന്ന കാബിനറ്റ് യോഗത്തില്‍ പദ്ധതി അനുമതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പായി ഔദ്യോഗിക നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചതെന്നും കെ.എം. ചന്ദ്രശേഖരന്‍ പറഞ്ഞു.