വിജിലന്‍സ് കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.എസ്

single-img
12 January 2012

ആലപ്പുഴ: ബന്ധുവിന് ഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്‌ടെന്ന് ആരോപിച്ച് തനിക്കെതിരേ കേസെടുക്കാനുള്ള വിജിലന്‍സ് നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്ന ആറ് അഴിമതി മന്ത്രിമാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്താണ് ഇത്തരം കള്ളക്കേസുകള്‍ കൊണ്ടുവരുന്നതെന്നും വി.എസ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ റിട്ടയര്‍ ചെയ്ത ആളാണ്. എന്നിട്ടും പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിരിക്കുകയാണ്. 70 കൊല്ലമായി പൊതുപ്രവര്‍ത്തന രംഗത്ത് താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് അറിയാവുന്നവരുടെ മുന്‍പില്‍ ഈ കള്ളന്‍മാരുടെ വേഷങ്ങളൊന്നും ചെലവാകാന്‍ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു.

പോലീസിനെയും നിയമവകുപ്പിനെയും കോഴ കൊടുത്ത് വശീകരിക്കാന്‍ കഴിവുള്ളവനാണെന്ന് കുഞ്ഞാലിക്കുട്ടി തെളിയിച്ചിട്ടുണ്ട്. ഇനിയും വരാന്‍ പോകുന്ന കേസും അങ്ങനെ തെളിയിക്കാമെന്ന അഹന്തയാണ് കുഞ്ഞാലിക്കുട്ടിക്ക്. ആ കേസുകള്‍ വരുന്നതിന് മുന്‍പ് തന്നെ പ്രതിയാക്കാനാണ് നീക്കം. ബാലകൃഷ്ണപിള്ളയെയും തച്ചങ്കരിയെയും പോലുള്ള സൈസുകളെല്ലാം ഇതിന്റെ പിന്നിലുണ്‌ടെന്നും വി.എസ് പറഞ്ഞു.