കൊച്ചി മെട്രോയുടെ ചുമതല ഡിഎംആര്‍സിക്ക്

single-img
12 January 2012

തിരുവനന്തപുരം: നാളുകള്‍ നീണ്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട് കൊച്ചി മെട്രോയുടെ ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിഎംആര്‍സിയുടെ സ്‌പെഷല്‍ അഡൈ്വസറായി ചുമതലയേല്‍ക്കുന്ന ഇ. ശ്രീധരന്റെ പൂര്‍ണ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പിലാക്കുക.

ഏറെ നാളത്തെ അനിശ്ചിതത്വവും ആശയക്കുഴപ്പവുമാണ് ഇതോടെ നീങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്ത് ആസൂത്രണബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇ. ശ്രീധരനുമായി മുഖ്യമന്ത്രിയും റെയില്‍വേയുടെ ചുമതലയുള്ള വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഡിഎംആര്‍സിയെ നേരിട്ട് പദ്ധതി ഏല്‍പിക്കുന്നതിന് പകരം ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള കൊച്ചി മെട്രോ ലിമിറ്റഡ് തീരുമാനമാണ് ഏറ്റവുമൊടുവില്‍ ആശയക്കുഴപ്പത്തിനും വിവാദത്തിനും വഴിതെളിച്ചത്. ഡിഎംആര്‍സിയെ ഏല്‍പിച്ചാല്‍ മാത്രമേ പദ്ധതിയുമായി താന്‍ സഹകരിക്കുവെന്ന് ഇ. ശ്രീധരനും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഇ. ശ്രീധരന്‍ വിരമിച്ചതും സര്‍ക്കാരിന് തലവേദനയായി. കൊച്ചി മെട്രോയുടെ ചുമതലയേല്‍പിച്ചാല്‍ അദ്ദേഹം ഏത് സ്ഥാനത്ത് നിന്ന് നേതൃത്വം ഏറ്റെടുക്കുമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന് മുന്നിലുള്ള ആശയക്കുഴപ്പം. ഡിഎംആര്‍സി സ്‌പെഷല്‍ അഡൈ്വസറായി പൂര്‍ണമേല്‍നോട്ടത്തില്‍ കൊച്ചി മെട്രോ പൂര്‍ത്തീകരിക്കുമെന്ന ശ്രീധരന്റെ മറുപടി ഈ ആശയക്കുഴപ്പവും നീക്കി.

അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനായി ഇ. ശ്രീധരനെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ നിയമിക്കാനുള്ള അധികാരം കേരളത്തിനും ചെയര്‍മാനെ നിയമിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുമായിരിക്കും. ഈ സാഹചര്യത്തിലാണ് ചെയര്‍മാനായി ഇ. ശ്രീധരനെ നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക.

കൊച്ചി മെട്രോയെക്കൂടാതെ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ശ്രീധരന്റെ കഴിവുകള്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അദ്ദേഹത്തിന്റെ എല്ലാ കഴിവുകളും വിനിയോഗിക്കുമെന്നും ഔദ്യോഗികമായിട്ട് തന്നെ ഈ പ്രവര്‍ത്തനങ്ങളിലേക്ക് ഇ. ശ്രീധരന്‍ വരണമെന്ന ആഗ്രഹം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റിട്ടയര്‍ ചെയ്ത ശേഷം കേരളത്തില്‍ തന്നെ താമസിക്കാനുള്ള ഇ. ശ്രീധരന്റെ തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.