ഡിഎംആര്‍സിയെ ഏല്പിച്ചാല് കൊച്ചി മെട്രോയുടെ പൂര്‍ണചുമതല ഏറ്റെടുക്കുമെന്ന് ഇ. ശ്രീധരന്

കൊച്ചി: ഡിഎംആര്‍സിയെ ഏല്പിച്ചാല് കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണചുമതല താന്‍ ഏറ്റെടുക്കുമെന്ന് ഇ. ശ്രീധരന്. ഡിഎംആര്‍സിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പദവിയിലിരുന്ന് സകല അധികാരത്തോടുകൂടി താന്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി നടത്തുന്ന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരന്.
പദ്ധതി കൊച്ചി മെട്രോ ലിമിറ്റഡ് നേരിട്ടും ഡിഎംആര്‍സി വഴിയും നടപ്പാക്കുന്നതിലുള്ള വ്യത്യാസം താന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും സഹമന്ത്രിമാരുമായി ആലോചിച്ച് ഇന്നോ നാളെയോ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ഇ. ശ്രീധരന് പറഞ്ഞു. ഡിഎംആര്‍സിയെ പദ്ധതി ഏല്പിച്ചാല് മെട്രോ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 14 വര്‍ഷമായി മെട്രോ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ഡിഎംആര്‍സി പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ലിമിറ്റഡ് പദ്ധതി നേരിട്ട് ഏറ്റെടുത്താല്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞത് ഒന്നരക്കൊല്ലം കാലതാമസം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംആര്‍സി നേരിട്ട് പദ്ധതി ഏറ്റെടുക്കുകയാണെങ്കില്‍ ടെന്‍ഡര്‍ വിളിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിയാന, യുപി സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഡിഎംആര്‍സി മെട്രോ നിര്‍മിച്ച കാര്യവും ശ്രീധരന് ചൂണ്ടിക്കാട്ടി. ഡിഎംആര്‍സി ഇല്ലെങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പത്ത് വര്‍ഷത്തോളമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.