നോക്കുകൂലിയില്ല; കൊച്ചിയില്‍ കയറ്റിറക്കുകൂലിയില്‍ വ്യക്തത

single-img
11 January 2012

കൊച്ചി: വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിക്കുന്നതോടെ കൊച്ചി നോക്കുകൂലി വിമുക്ത നഗരമാകുന്നു. എറണാകുളം ടൗണ്‍ ഹാളില്‍ 14നു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ മന്ത്രി പ്രഫ. കെ.വി. തോമസ് നോക്കൂകൂലി വിമുക്ത പ്രഖ്യാപനം നടത്തും.

കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് നോക്കുകൂലി വിമുക്തമായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നഗരമാണു കൊച്ചി. തിരുവനന്തപുരത്താണ് ആദ്യമായി പ്രഖ്യാപനം നടന്നത്. വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചു. മറ്റു നഗരസഭകളിലും പദ്ധതി നടപ്പാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. നോക്കുകൂലി വിമുക്ത കേരളം സാക്ഷാത്കരിക്കാന്‍ പലവട്ടം സംസ്ഥാനത്ത് തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇറക്കേണ്ട സാധനങ്ങളുടെ കൂലി ഉപഭോക്താവിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ശാഖകളിലും മുന്‍കൂറായി അടയ്ക്കാം. സാധനങ്ങളുടെ പട്ടികയും കൂലിയും രേഖപ്പെടുത്തേണ്ട അപേക്ഷ റസിഡന്റ്‌സ് അസോസിയേഷനുകളിലും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ഓഫീസുകളിലും തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും. ബാങ്കില്‍ അടയ്ക്കുന്ന തുക തൊഴിലാളികള്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ ബോര്‍ഡിന്റെ ലോക്കല്‍ ഓഫീസില്‍ നിന്നോ കൈപ്പറ്റാന്‍ കഴിയും.

കയറ്റിറക്ക് സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴില്‍വകുപ്പിന്റെ വെബ്‌സൈറ്റും റസിഡന്റ്‌സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വഴി ജനങ്ങളിലെത്തിക്കും. വാഹനത്തില്‍ അടുക്കിവയ്ക്കുന്നതിനും ഇറക്കുന്നതിനും ഉള്‍പ്പെടെയുള്ള കൂലിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുക.

12 മീറ്റര്‍ ചുമക്കുമ്പോള്‍ നല്‍കേണ്ട കൂലിയാണു പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അതിനുമുകളില്‍ വരുന്ന ഓരോ 12 മീറ്ററിനും 20 ശതമാനം അധികം നല്‍കണം. ഇതു സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡും ജില്ലാ ലേബര്‍ ഓഫീസും വഴി പരിഹരിക്കാം. തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്‌ലൈനിലൂടെയും പരാതി ഉന്നയിക്കാനും പരിഹാരം കാണാനും കഴിയും.അംഗീകൃത നിരക്കില്‍ കൂടുതല്‍ തുക കൈപ്പറ്റുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.