ഏഷ്യയിലെ ഏറ്റവും പിന്നോക്കം ഇന്ത്യന്‍ ബ്യൂറോക്രസിയെന്ന് റിപ്പോര്‍ട്ട്

സിംഗപ്പൂര്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മോശം ഉദ്യോഗസ്ഥ സംവിധാന(ബ്യൂറോക്രസി)മുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഹോങ്കോംഗ് ആസ്ഥാനമായുള്ള ‘പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് റിസ്ക് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്’ നടത്തിയ പഠനമാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നത്.
സിംഗപ്പൂരിലാണ് ഏറ്റവും മികച്ച ഉദ്യോഗസ്ഥ സംവിധാനമുള്ളത്. കണ്‍സള്‍ട്ടന്‍സി ഏര്‍പ്പെടുത്തിയ പത്ത് പോയിന്റില്‍ 2.25 ആണ് സിംഗപ്പൂരിലെ ഉദ്യോഗസ്ഥര്‍ നേടിയത്. ഇവര്‍ക്ക് തൊട്ടുപിന്നില്‍ ഹോങ്കോംഗ് ആണ് എത്തിയത്. തായ്ലന്ഡ് മൂന്നാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ തായ്വാന്, ജപ്പാന്, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങളാണുള്ളത്.
ഇന്ത്യ പട്ടികയില്‍ 9.21 പോയിന്റോടെ പിന്നിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം മൂലം രാജ്യത്തെ വ്യവസായികള്‍ മടുത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഏപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നികുതി ഘടന, പാരിസ്ഥിതിക പ്രശ്നങ്ങള്‍, നിയമത്തിന്റെ നൂലാമാലകള്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ഉദ്യോഗസ്ഥര്‍ വ്യവസായ സംരഭകരുടെയും പൊതുജനങ്ങളുടെയും മനംമടുപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.