ലയണല്‍ മെസി വീണ്ടും ലോക ഫുട്‌ബോളര്‍

single-img
9 January 2012

സൂറിച്ച്: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ലോക ഫുട്‌ബോളറായി(ഫിഫ ബാലണ്‍ ഡി ഓര്‍) തെരഞ്ഞെടുത്തു. ബാഴ്‌സലോണയുടെ സ്പാനീഷ് താരം സാവി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസി ഇത്തവണയും ലോകതാരമായത്.

ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍, ബ്രസീലിന്റെ റൊണാള്‍ഡോ തുടങ്ങിയവരാണ് ഇതിനു മുമ്പ് മൂന്നു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിട്ടുള്ളത്. എന്നാല്‍ ഹാട്രിക് നേട്ടത്തോടെയാണ് മെസി ഇവരില്‍ നിന്നു വ്യത്യസ്തനാകുന്നത്. ബാഴ്‌സലോണയ്ക്കു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനങ്ങളാണ് ഹാട്രിക് നേട്ടത്തിലേയ്ക്കു മെസിയെ നയിച്ചത്. 61 മത്സരങ്ങളില്‍ നിന്നായി മെസി 55 ഗോളുകള്‍ നേടി.

ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹയായ ബ്രസീലിന്റെ മാര്‍ത്തയെ പിന്തള്ളിയാണ് സാവ മികച്ച വനിതാ ഫുട്‌ബോളറായത്. ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗുസനും മികച്ച പരിശീലകനായി ബാഴ്‌സലോണയുടെ പെപ് ഗ്വാര്‍ഡിയോളയും അര്‍ഹരായി. മികച്ച ഗോളിനുള്ള പുരസ്‌കാരത്തിനു ബ്രസീലിന്റെ നെയ്മറെയും തെരഞ്ഞെടുത്തു. ബ്രസീലിയന്‍ ക്ലബായ സാന്റോസിനുവേണ്ടിയായിരുന്നു നെയ്മറുടെ ഗോള്‍. ഫെയര്‍ പ്ലേ അവാര്‍ഡ് ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വന്തമാക്കി.

ലയണല്‍ ആന്‍ഡ്രിസ് മെസിയുടെ കരിയറില്‍ നിര്‍ണായകമായത് കേവലം എട്ടാംവയസില്‍ ന്യുവെല്‍സ് ഓള്‍ഡ്‌ബോയ്‌സില്‍ സെലക്ഷന്‍ ലഭിക്കുന്നതോടെയാണ്. ഓള്‍ഡ്‌ബോയ്‌സില്‍ ഉണ്ടായിരുന്ന അഞ്ചുവര്‍ഷക്കാലം കൊച്ചുമെസിയിലെ പ്രതിഭയുടെ പാകപെടല്‍ തന്നെയായിരുന്നു. മെസിയിലെ പ്രതിഭയെ ലോകമറിഞ്ഞു തുടങ്ങിയതോടെയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ മെസിയെ യൂറോപ്പിലെത്തിച്ചത്. 2000ത്തില്‍ ബാഴ്‌സയുടെ യൂത്ത് ടീമില്‍ എത്തിയ മെസിക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2004ല്‍ 17-ാം വയസിലാണ് ബാഴ്‌സയുടെ സീനിയര്‍ ജേഴ്‌സിയിലേക്കു മെസി മാറിയത്. ഇതോടെ ബാഴ്‌സയുടെ നിര്‍ണായകതാരമായി മെസി.