പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍: ഉമ്മന്‍ ചാണ്ടി

single-img
9 January 2012

ജയ്പൂര്‍: പ്രവാസി ഇന്ത്യക്കാര്‍ക്കു കൂടി ഏകീകൃത തിരിച്ചറിയില്‍ കാര്‍ഡ് (ആധാര്‍) നല്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദേശ ഇന്ത്യക്കാര്‍ക്കും നല്കുമെന്നും വോട്ടര്‍ പട്ടികയില്‍ പേരുണെ്ടങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കാന്‍ എളുപ്പമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് കൊച്ചിയില്‍ നടത്തണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജയ്പൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രവാസി ഭാരതീയരുമായി നടത്തിയ സംവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്കിയതോടെ അവര്‍ എല്ലാ അവകാശങ്ങളുമുള്ള ഇന്ത്യന്‍ പൗരന്മാരായി മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയിരക്കണക്കിനു മലയാളികള്‍ വോട്ടുചെയ്തു. ഓണ്‍ലൈനിലൂടെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരവും മറ്റും ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ വോട്ടവകാശമുള്ളവരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംബസികളില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രശ്‌നം വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തിട്ടുണ്ട്. 224 ജീവനക്കാരെ നിയമിക്കാനുള്ള നിര്‍ദേശത്തിന് ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ അതു കേന്ദ്രമന്ത്രിസഭയില്‍ അവതരിപ്പിച്ച് പരിഹാരമുണ്ടാകും.

നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയും കബളിപ്പിക്കപ്പെട്ടും ഗള്‍ഫിലെ ജയിലുകളില്‍ കഴിയുവരെ രക്ഷിക്കാന്‍ എംബസിയോടൊപ്പം പ്രവാസി സംഘടനകളും രംഗത്തുവരണം. അവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം. ഇക്കാര്യത്തില്‍ പ്രവാസി സംഘടനകളുടെ സേവനം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ബാങ്കും പ്രവാസി സര്‍വകലാശാലയും സ്ഥാപിക്കണമെന്ന പ്രവാസികളുടെ ആവശ്യം സ്വാഗതാര്‍ഹമാണ്. ബാങ്ക് സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ബാങ്കിന് നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ നോക്കി തീരുമാനം ഉണ്ടാകും. സിയാല്‍ മോഡലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമായാല്‍ പ്രവാസികളുടെ മക്കള്‍ക്ക് കൂടുതല്‍ ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തില്‍ കേരളം പിന്നിലാണ്. സ്വാശ്രയകോളജുകള്‍ അനുവദിച്ചെങ്കിലും അഡ്മിഷനും ഫീസും സംബന്ധിച്ച നിരന്തരമായ തര്‍ക്കവും മൂലം കാര്യമായ പുരോഗതി കൈവരിക്കാനായില്ല. സ്വാശ്രയപ്രശ്‌നത്തില്‍ ഈ വര്‍ഷം നേരത്തെ തന്നെ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വര്‍ഷങ്ങളായി കേരളം നിശ്ചലമാണ്. സംസ്ഥാനത്ത് ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയാണ് ഇപ്പോള്‍ നാലുവരിപ്പാതയുള്ളത്. സ്ഥലമെടുപ്പാണ് ഏറ്റവും വലിയ പ്രശ്‌നം. എന്തുവിട്ടുവീഴ്ച നടത്തിയാലും സ്ഥലം വിട്ടുതരാന്‍ ജനങ്ങള്‍ക്ക് ഇപ്പോഴും മടിയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ.അഹമ്മദ്, നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ് തുടങ്ങിയവരും സംവാദത്തില്‍ പങ്കെടുത്തു.