പി.സി. വിഷ്ണുനാഥ് എംഎല്‍എയെ സിപിഎമ്മുകാര്‍ ആക്രമിച്ചു

single-img
8 January 2012

മാവേലിക്കര: റോഡ് ഉദ്ഘാടനത്തിനെത്തിയ ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിനെ (33) ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ വിഷ്ണുനാഥിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ മാന്നാര്‍ കുട്ടംപേരൂര്‍ എസ്‌കെവി സ്‌കൂളിനു സമീപമുള്ള ആംഗന്‍വാടി റോഡിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു വിഷ്ണുനാഥിനു മര്‍ദനമേറ്റത്. വനിതകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.

സമ്മേളനസ്ഥലത്തെ കസേരകളും മറ്റും വിഷ്ണുനാഥ് എത്തുന്നതിനു മുമ്പു ഗുണ്ടകള്‍ തല്ലിത്തകര്‍ത്തിരുന്നു. വിഷ്ണുനാഥിനെ സ്വീകരിച്ചു വേദിയിലേക്കു കൊണ്ടുപോകുംവഴിയാണു സിപിഎമ്മുകാര്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മാന്നാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. പ്രസാദ് അടക്കം പതിനഞ്ചോളം പേരെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. വൈകുന്നേരം അഞ്ചിനു പരുമല ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധയോഗം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.