തമിഴരും മലയാളികളും സഹോദരങ്ങള്‍: തമിഴ്‌നാട് ഐജി

single-img
8 January 2012

എരുമേലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കലഹിച്ചു തമ്മിലടിക്കുന്നതു സ്വന്തം കൂടപ്പിറപ്പുകളാണെന്നു തമിഴ്‌നാട് പോലീസ് ഐജി മാഷാണിമുത്തു. ശബരിമല ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ എരുമേലിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഭാഷാപരമായ വ്യത്യാസമൊഴിച്ചാല്‍ അതിര്‍ത്തികള്‍ക്കപ്പുറത്തും ഇപ്പുറത്തുമുള്ളത് ഒരേ ജനതയാണെന്ന് ഐജി പറഞ്ഞു.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്ലഭാവി ഒരുക്കുന്ന തമിഴ്‌നാടും തമിഴര്‍ക്ക് ജോലിയും സ്ഥാപനങ്ങളുമുള്ള കേരളവും തമ്മില്‍ ചെറിയ സ്പര്‍ധ ഉണ്ടായാല്‍പോലും ബാധിക്കുന്നത് കേരളത്തിലുള്ള തമിഴരെയും തമിഴ്‌നാട്ടിലുള്ള മലയാളികളെയുമാണ്. ഇപ്പോള്‍ പ്രശ്‌നം ഏറെ തണുത്തെന്നും എന്നാല്‍, നിസാര സംഭവങ്ങള്‍ വലുതാക്കി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.എരുമേലി ടിബിയില്‍ വിശ്രമിച്ച അദ്ദേഹം ടിബിയിലെ വൃത്തിയെയും ശാന്തമായ അന്തരീക്ഷത്തെയും ഏറെ പ്രശംസിച്ചിട്ടാണ് ശബരിമല യാത്ര തുടര്‍ന്നത്.