ഹസീനക്കെതിരെ പ്രചാരണം; അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം

single-img
8 January 2012

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മരിക്കുന്നതാകും രാജ്യത്തിനു നല്ലതെന്ന് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച സര്‍വകലാശാല അധ്യാപകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടു. ജഹാംഗീര്‍നഗര്‍ വാഴ്‌സിറ്റിയിലെ റുഹൂല്‍ അമീന്‍ ഖണ്ഡേക്കറാ(29)ണ് ഹസീനക്കെതിരെ ഫേസ്ബുക്കില്‍ വിവാദ പ്രചാരണം നടത്തിയത്.

ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചു കോടതി ഇയാള്‍ക്കു ഒന്നിലേറെ തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കോടതിയ്ക്കു വിശദീകരണം നല്‍കാന്‍ ഇയാള്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് കോടതിയലക്ഷ്യം നടത്തിയ കുറ്റത്തിനു ഖണ്ഡേക്കറിനു ആറു മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. ഇതിനു പിന്നാലെയാണ് ഖണ്ഡേക്കറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പോലീസ് മേധാവിയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പ്രശസ്ത സംവിധായകന്‍ താരിഖ് മസൂദ് കാറപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഖണ്ഡേക്കര്‍ ഇത്തരമൊരു കമന്റ് ഫേസ്ബുക് വഴി പുറത്തുവിട്ടത്.

ഡ്രൈവിംഗ് വശമില്ലാത്തവര്‍ക്ക് ഹസീന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഖണ്ഡേക്കറുടെ പ്രചാരണം. പഠനാവധിയില്‍ ഇയാളിപ്പോള്‍ ഓസ്‌ട്രേലിയയിലാണ്. ഇതാദ്യമായാണ് ഒരാള്‍ക്കെതിരെ ബംഗ്ലാദേശില്‍ സോഷ്യല്‍വെബ്‌സൈറ്റിലൂടെയുള്ള പരാമര്‍ശത്തിനു രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്.