കര്‍ണാടകയില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയേക്കും

single-img
8 January 2012

ബാംഗളൂര്‍: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന. പ്രൈമറി, സെക്കന്ററി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. പൊതുജനാഭിപ്രായം തേടിയ ശേഷം ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ അറിയിച്ചു.

വിഷയത്തില്‍ വിവാദങ്ങള്‍ക്കു താത്പര്യമില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തശേഷമെ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവത്ഗീത ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗമില്ലെന്നും സാര്‍വ്വത്രികഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ വിഭാഗം ജനങ്ങളും സര്‍ക്കാരിന്റെ ശിപാര്‍ശയോടു അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ഭഗവത്ഗീത പഠിപ്പിക്കുന്നുണ്‌ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.