വിടവാങ്ങാന്‍ ബൈചുംഗ് ബൂട്ടിയ

single-img
8 January 2012

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ബൈചുംഗ് ബൂട്ടിയ തന്റെ വിടവാങ്ങല്‍ മത്സരത്തിനു തയാര്‍. ജര്‍മന്‍ ക്ലബായ ബയേണ്‍മ്യൂണിക്കിനെതിരേ ഇന്ത്യയെ നയിച്ച് വീരോചിതമായി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിടവാങ്ങാനാണ് ബൂട്ടിയയുടെ ശ്രമം. മാനസികമായി തയാറാണ്. എന്നാല്‍, ശാരീരികമായി നൂറു ശതമാനവും തയാറല്ല. ബയേണിനെതിരേ കളിക്കുന്നതില്‍ ശരീരവും മനസും ഒരുപോലെ കരുത്തതായിരിക്കണം. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കും – ബൂട്ടിയ പറഞ്ഞു. നാളെയാണ് ഇന്ത്യ – ബയേണ്‍ മ്യൂണിക്ക് സൗഹൃദ ഫുട്‌ബോള്‍ മത്സരം.

90 മിനിറ്റും കളിക്കണമെന്നാണ് ആഗ്രഹം. പരിക്ക്് വലയ്ക്കുന്നുണ്ട്. സാവിയൊ മെഡീരയുടെ കീഴില്‍ മികച്ച പരിശീലനത്തോടെയാണ് ബയേണിനെതിരേ ഇറങ്ങുക. ഇന്ത്യന്‍ താരങ്ങള്‍ എത്രമാത്രം ശാരീരിക ക്ഷമത കൈവരിക്കണമെന്നതിനുള്ള ഉദാഹരണമാവും ജര്‍മന്‍ ക്ലബിനെതിരായ മത്സരം എന്നും ബൂട്ടിയ പറഞ്ഞു. ജര്‍മനിയുടെ ദേശീയതാരങ്ങള്‍ ഭൂരിഭാഗവും നിരക്കുന്ന ബയേണിനെതിരേ കളിക്കുക കഠിനമായിരിക്കും. എന്നാല്‍, വിടവാങ്ങള്‍ മത്സരം എന്ന നിലയില്‍ ആസ്വദിച്ചു കളിക്കാനാണ് ശ്രമിക്കുക. ബയേണിനെതിരേ അവസാന മത്സരം കളിക്കുന്നതില്‍ സന്തോഷമുണെ്ടന്നും ഇന്ത്യന്‍ സൂപ്പര്‍ താരം പറഞ്ഞു. കഴിഞ്ഞവര്‍ഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ ഇന്ത്യക്കായി നൂറിലധികം മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.

ജര്‍മനിയുടെ തോമസ് മുള്ളര്‍, പെഡോള്‍സ്‌കി, ഷ്വന്‍സ്റ്റീഗര്‍, മാരിയൊ ഗോമസ്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, ഹോളണ്ടിന്റെ അരിയന്‍ റോബന്‍ തുടങ്ങിയ വമ്പന്മാരുമായാണ് ഇന്ത്യയുടെ കൊമ്പുകോര്‍ക്കല്‍. അതിനാല്‍ ഒരു സമനിലയായാലും സന്തോഷം എന്നാണ് ബൂട്ടിയയുടെ കണക്കുകൂട്ടല്‍.