മുല്ലപ്പെരിയാര്‍: തമിഴ് മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

single-img
7 January 2012

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് മാധ്യമപ്രവര്‍ത്തരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 20ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് അറിയിക്കാനായിരുന്നു കൂടിക്കാഴ്ച.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് വെള്ളം എന്നുള്ളതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വിഷയത്തില്‍ കേരളത്തിന് യാതൊരു ഗൂഡലക്ഷ്യവുമില്ല. കേരളത്തില്‍ തമിഴ് വംശജര്‍ ആക്രമിക്കപ്പെടുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് പ്രശ്‌നം വഷളാക്കരുതെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു കൂടിക്കാഴ്ച സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടു പോവുകയായിരുന്നു.