സാമൂഹിക സുരക്ഷയില്ലെങ്കില്‍ വികസനംകൊണ്ട് കാര്യമില്ല: മന്ത്രി മുനീര്‍

single-img
7 January 2012

കോഴിക്കോട്: സാമൂഹിക സുരക്ഷയില്ലെങ്കില്‍ വികസനംകൊണ്ട് കാര്യമില്ലെന്ന് മന്ത്രി എം.കെ. മുനീര്‍. കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സൊസൈറ്റിയുടെ സ്‌നേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റോഡും പാലവും കെട്ടിടങ്ങളും സ്‌കൂളുകളുമൊക്കെയുണെ്ടങ്കിലും സമൂഹത്തില്‍ നിന്ന് പുറംതള്ളപ്പെട്ട അഗതികള്‍ക്കും അനാഥര്‍ക്കും വൃദ്ധര്‍ക്കും വൃദ്ധസദനങ്ങളില്‍ അഭയം പ്രാപിച്ചവര്‍ക്കുമൊക്കെ എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാട്ടിലുണ്ടാകുന്ന ഒരു വികസനത്തെയും വികസനമെന്ന് പറയാന്‍ കഴിയില്ല. അതിന് കക്ഷി രാഷ്ട്രീയ- വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരും അണിചേരണം. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബ്ലാങ്ക് ചെക്ക് എന്ന പിന്തുണ ഞാനും പ്രഖ്യാപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ആദ്യ ഫണ്ട് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദില്‍ നിന്ന് എംഎല്‍എ എ.കെ. ശശീന്ദ്രന്‍ സ്വീകരിച്ചു.

ചടങ്ങില്‍ പദ്ധതിയുടെ ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡുമായ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീം, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, സി.കെ. നാണു, കെ.കെ. ലതിക, പി.ടി.എ. റഹീം എന്നിവരും ഡോ. സുരേഷ് കുമാര്‍, പ്രൊഫ. അബ്ദുള്ള ചെറിയക്കാട്ട്, ഡോ. അലക്‌സാണ്ടര്‍, ഡോ. പി.സി. അന്‍വര്‍, ജോര്‍ജ് കൂടരഞ്ഞി, ഡോ. വി. ഇത്‌രീസ് എന്നിവര്‍ പ്രസംഗിച്ചു.