കേരളത്തില്‍ വില്ക്കുന്നതു കോടികളുടെ നിരോധിത ലോട്ടറി

നെടുമ്പാശേരി: കേരള സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ലോട്ടറിടിക്കറ്റു കള്‍ കേരളത്തില്‍ വ്യാപകമായി വിറ്റ് അനധികൃത ലോട്ടറിമാഫിയ കോടികള്‍ തട്ടുന്നു. പെട്ടിക്കടകളിലും ലോട്ടറി വില്‍പ്പനശാലകളിലും വ്യാപകമായി ലോട്ടറി ടിക്കറ്റുകള്‍ വിറ്റിട്ടും നടപടിയെടുക്കാതെ പോലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ലോട്ടറിമാഫിയയെ സഹായിക്കുകയാണെന്ന് ആരോപണമുണ്ട്.
ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ 33 ലക്ഷം രൂപ വില വരുന്ന സിക്കിം ലോട്ടറിയുടെ 16,80,000 ടിക്കറ്റുകള്‍ പോലീസ് പിടിച്ചു. ടിക്കറ്റ് ഏറ്റുവാങ്ങാന്‍ എത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ നാലു പേരെ കൂടി പോലീസ് തെരയുന്നുണ്ട്.
രണ്ടു രൂപ വീതം വിലയുള്ള ടിക്കറ്റുകളാണ് ചാക്കിലുണ്ടായിരുന്നത്. 11 ചാക്കുകളിലായിട്ടാണ് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടുവന്നത്. ഡല്‍ഹിയില്‍ നിന്നു വൈകുന്നേരം 6.30ന് കൊച്ചിയില്‍ വന്ന സ്പൈസ് ജെറ്റിന്റെ എസ്ജി 103 ഫ്ളൈറ്റിലാണ് ടിക്കറ്റ് കൊണ്ടുവന്ന് കാര്‍ഗോ വിഭാഗത്തില്‍ ഇറക്കിയത്.
മുന്‍കൂട്ടി സ്റ്റേറ്റ് ഇന്റലിജന്‍സ് വിഭാഗം ഇതു സംബന്ധിച്ച് വിവരം പോലീസിനു നല്‍കിയിരുന്നു. ആലുവ ഡിവൈഎസ്പി ആര്. സലിം, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബു മാത്യു, നെടുമ്പാശേരി സിഐ എന്‍. പ്രഫുല്ലചന്ദ്രന്, എസ്ഐ ശ്രീമോന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ലോട്ടറി ടിക്കറ്റ് നിറച്ചിരുന്ന ചാക്കുകള്‍ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ നിന്നു ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങാന്‍ വന്ന പാലക്കാട് പട്ടഞ്ചേരി സ്വദേശി പനങ്കാവ് വീട്ടില്‍ ചാമുണ്ണിയുടെ മകന് സജീവ്, എറണാകുളം എളംകുളം കതൃക്കടവില്‍ ഉത്തപ്പിള്ളി വീട്ടില്‍ പ്രകാശിന്റെ മകന് പ്രതീഷ് (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ സിക്കിം ലോട്ടറി ടിക്കറ്റുകള്‍ വിവാദ ലോട്ടറി രാജാവിന്റേതാണെന്നാണു പോലീസിന്റെ നിഗമനം. കപില്‍ എന്നയാളാണ് ടിക്കറ്റ് അയച്ചിട്ടുള്ളത്. അറസ്റ്റിലായ പ്രതീഷിന്റെ പേരിലാണ് ടിക്കറ്റുകള്‍ കൊച്ചിയില്‍ വന്നത്.