പരിയാരത്ത് സമരം തുടരുന്നു; ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

single-img
6 January 2012

പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി സമരം തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കിയെന്ന് ഇന്നലെ മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെയാണ് ഇല്ലാത്ത റാംഗിംഗ് ആരോപിച്ച് സസ്‌പെന്‍ഡു ചെയ്തിരിക്കുന്നതെന്നു ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിന് മുതിര്‍ന്നത്. ഹൗസ് സര്‍ജന്‍മാരും പിജി വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുത്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ഇന്നും അവതാളത്തിലായി.

രാവിലെ സമരത്തിനെത്തിയ വിദ്യാര്‍ഥികളെ കോളജിന്റെ വാതിലടച്ച് പുറത്തുനിര്‍ത്തിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനായി രാവിലെ പിടിഎ യോഗവും ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷവും സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയാറാവുന്നില്ലെങ്കില്‍ ഡോക്ടര്‍മാരും സമരത്തിലേക്കു നീങ്ങുമെന്നാണു ലഭിക്കുന്ന സൂചനകള്‍. ഇന്നലെ ചേര്‍ന്ന ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്‌റ്റേ ഇതുസംബന്ധിച്ച തീരുമാനം എടുത്തതായാണ് അറിയുന്നത്.

പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടവരെയാണു സസ്‌പെന്‍ഡു ചെയ്തിരിക്കുന്നതെന്നും ഇവര്‍ നിരപരാധികളെങ്കില്‍ അന്വേഷണ കമ്മീഷനു മുന്നില്‍ അതു തെളിയിക്കാന്‍ അവസരമുണെ്ടന്നും കോളജ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ പറഞ്ഞു. റാഗിംഗ് ഒരുതരത്തിലും അനുവദിക്കാന്‍ പറ്റില്ല. ഒരു വിദ്യാര്‍ഥിനിയടക്കം റാഗിംഗിനെ തുടര്‍ന്നു കോഴ്‌സ് അവസാനിപ്പിച്ച് പോയിട്ടുണെ്ടന്നും ജയരാജന്‍ പറഞ്ഞു.

റാഗിംഗ് നടത്തിയ രണ്ട് വിദ്യാര്‍ഥികളെയും വിദ്യാര്‍ഥികളെ മര്‍ദിച്ച രണ്ട് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.