ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ആനന്ദബോസിനെ മാറ്റി; എം.വി. നായര്‍ അധ്യക്ഷന്‍

single-img
5 January 2012

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നു സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി. പകരം സമിതിയിലെ അംഗവും നാഷണല്‍ മ്യൂസിയം സംരക്ഷണ വിഭാഗം തലവനുമായ എം.വി. നായരെന്ന എം. വേലായുധന്‍നായരെ അധ്യക്ഷനാക്കാന്‍ കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി. അതേസമയം, കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കാത്തതിനു സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെയും ക്ഷേത്രം ഭരണസമിതിയെയും രൂക്ഷമായി വിമര്‍ശിച്ചു.

നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിരമിച്ച സാഹചര്യത്തില്‍ ആനന്ദ ബോസിനെ വിദഗ്ധ സമിതി അധ്യക്ഷ സ്ഥാനത്തു നിന്നു മാറ്റണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആനന്ദബോസ് കഴിഞ്ഞ സെപ്റ്റംബര്‍ 20-നാണു സര്‍വീസില്‍ നിന്നു വിരമിച്ചത്. സര്‍ക്കാരിന്റെ ആവശ്യത്തെ ക്ഷേത്ര ഭരണസമിതിയും പിന്തുണച്ചതോടെ കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നോഡല്‍ ഓഫീസര്‍ ആക്കിയുള്ള തീരുമാനവും സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റീസുമാരായ ആര്‍.എം. ലോധ, എ.കെ. പട്‌നായിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണു തീരുമാനം.

വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും രൂക്ഷമായി വിമര്‍ശിച്ചത്. വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യനിര്‍ണയത്തിനും സുപ്രീംകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ സര്‍ക്കാരും ക്ഷേത്ര ഭരണസമിതിയും ചെയ്തില്ലെന്ന് ആനന്ദ ബോസ് സമിതി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷയ്ക്കായി കോടതി നല്‍കിയ അഞ്ചു നിര്‍ദേശങ്ങളില്‍ ഒന്നുപോലും നടപ്പായില്ലെന്നു കോടതി നിരീക്ഷിച്ചു.

നിലവറകളിലെ സ്വത്തുവകകളുടെ സുരക്ഷയ്ക്കു പ്രത്യേക കവചമുണ്ടാക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ചെയ്തില്ല. ക്ഷേത്രത്തിനു ചുറ്റും സംരക്ഷണ മതില്‍ കെട്ടുക, വിദഗ്ധ സമിതിക്ക് ഓഫീസ് അനുവദിക്കുക, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ക്ഷേത്രം ഭരണസമിതി 25 ലക്ഷം രൂപ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത വയായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂല്യനിര്‍ണയത്തിനു കെല്‍ട്രോണുമായി ചര്‍ച്ച നടത്തുകയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും സുപ്രീംകോടതിയുടെ വിമര്‍ശനത്തിനു വിഷയമായി. കെല്‍ട്രോണ്‍ സര്‍ക്കാരിന്റെ സ്ഥാപനമല്ലേയെന്നും പിന്നെന്തിനാണു ചര്‍ച്ചകളെന്നും കോടതി ആരാഞ്ഞു. അടുത്ത മാസം 15നകം നിര്‍ദേശങ്ങള്‍ നടപ്പാക്കി അറിയിക്കാനും സുപ്രീംകോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ക്ഷേത്രത്തിലെ നിലവറകള്‍ വീണ്ടും തുറന്നു പരിശോധന നടത്തുമെന്നു മൂല്യനിര്‍ണയ സമിതി നിയുക്ത അധ്യക്ഷന്‍ എം.വി. നായര്‍ അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കിയവയടക്കം എല്ലാ നിലവറകളും തുറന്നു പരിശോധിക്കും. വിദഗ്ധരുടെ സഹായം ലഭ്യമാക്കിയ ശേഷമാകും പരിശോധന. ഇതിനു വേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ എത്രയും പെട്ടെന്നു ലഭ്യമാക്കണം. ഇതു ലഭിച്ചാലുടന്‍ സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാകും. നിലവറയിലെ സ്വത്തുക്കള്‍ സംഭരിച്ചു വയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ മൂന്നു മാസം കൊണ്ട് ഏര്‍പ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.