പുതിയ ഡാം വീണ്ടുമൊരു ദുരന്തമുണ്ടാക്കും: പ്രഫ.സി.പി.റോയ്

single-img
5 January 2012

പുനലൂര്‍: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചാല്‍ മലയാളിക്ക് വീണ്ടുമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി മുന്‍ ചെയര്‍മാന്‍ പ്രഫ.സി.പി.റോയ്. ‘മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍’ എന്ന വിഷയത്തില്‍ കേരള പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിക്കടി ഭൂകമ്പമുണ്ടാകുന്ന മേഖലയില്‍ 1300 അടി താഴെ താഴ്ചയിലായി പുതിയ ഡാം നിര്‍മിക്കുന്നത് അപകടകരമാണ്. ഡാമുകള്‍ തമ്മില്‍ സമനിരപ്പ് തുലനം ചെയ്യാതെ 252 അടി ഉയരത്തില്‍ താഴ്ന്ന ഭാഗത്ത് പുതിയ ഡാം നിര്‍മിക്കുന്നത് സുരക്ഷിതമല്ല. ഡാമിന്റെ ഇരുവശവും ടണലുകള്‍ നിര്‍മിച്ച് പെന്‍സ്റ്റോക്ക് വഴി വെള്ളമൊഴുക്കുകയും ജലനിരപ്പ് കുറച്ച് ഡാം ബലപ്പെടുത്തുകയും ചെയ്താല്‍ ഏറെക്കാലം നിലനിര്‍ത്താനാകും.

പുതിയ ഡാമെന്ന നിലപാടില്‍ നിന്ന് പുതിയ ടണല്‍, പുതിയ കരാര്‍ എന്ന നിലപാടിലേക്ക് കേരളം മാറേണ്ടതുണ്ട്. ആദ്യം തള്ളിപ്പറയുന്നവര്‍ ഒടുവില്‍ ഈ മുദ്രാവാക്യം തന്നെ പരിഹാരമായി എടുക്കേണ്ടിവരും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് കേരള ജനതയെ വേദനിപ്പിക്കുന്നതായും സി.പി.റോയ് പറഞ്ഞു.

കെ.എന്‍.ബാലഗോപാല്‍ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ കോട്ടവട്ടം അധ്യക്ഷത വഹിച്ചു. പുനലൂര്‍ തമിഴ് സംഘം പ്രസിഡന്റ് എ.സാമുവല്‍, എം.എ.രാജഗോപാല്‍, പ്രഫ.പി.കൃഷ്ണന്‍കുട്ടി, കരിക്കത്തില്‍ പ്രസേനന്‍, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, ബി.രാധാമണി, കെ.രാധാകൃഷ്ണന്‍, അഡ്വ.രഘുനാഥ് കമുകുംചേരി, ജോസഫ് തോമസ്, ബി.പ്രമോദ് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.ആര്‍.ഷാഹുല്‍ ഹമീദ് മോഡറേറ്ററായിരുന്നു.