രജനീകാന്തിന്റെ ആത്മകഥ വരുന്നു

single-img
4 January 2012

തമിഴ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആത്മകഥ വരുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സിനിമാലോകത്തെ അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ വിശദീകരിക്കുന്നുണ്ട്. ആത്മകഥയുടെ ആദ്യ പതിപ്പ് പുറത്തിറക്കുന്നതും രജനീകാന്തിന്റെ സ്റ്റൈല്‍ അനുസരിച്ചുതന്നെയാണ്.

താരത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ദിനമായ 12.12.12 എന്ന അക്കങ്ങളുടെ അപൂര്‍വദിനത്തിലാണ് ആത്മകഥയും പുറത്തിറങ്ങുക. പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇന്ത്യയാണ് ആത്മകഥയുടെ പ്രസാധകര്‍. വെള്ളിത്തിരയിലേയ്ക്കുള്ള കടന്നുവരവു മുതല്‍ ഏറ്റവും പുതിയ ചിത്രമായ റാണ വരെ എത്തിനില്‍ക്കുന്ന രജനീകാന്തിന്റെ ചലച്ചിത്രജീവിതം ആത്ഥകഥയില്‍ പറയും. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന റാണ ഈ വര്‍ഷം തീയറ്ററുകളിലെത്തും. ഇതുവരെ ആര്‍ക്കും അറിയാത്ത രജനീകാന്തിന്റെ സ്വകാര്യ, രാഷ്ട്രീയ ജീവിതത്തിലെ വെളിപ്പെടുത്തലുകള്‍ ആത്മകഥയിലുണ്ടാകുമെന്ന് പ്രസാധകര്‍ പറഞ്ഞു. രസകരമായ അനുഭവങ്ങളും അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യ കണ്ട സൂപ്പര്‍ സ്റ്റാറുകളിലൊരാളായ രജനീകാന്തിന്റെ ആത്മകഥ പുറത്തിറങ്ങുക.