പരിയാരം മെഡിക്കല്‍ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു

single-img
4 January 2012

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ ഇന്നലെ രാത്രി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്കും രണ്ടു ഡോക്ടര്‍മാര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഠിപ്പുമുടക്കി. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരും പിജി വിദ്യാര്‍ഥികളും സമരം പ്രഖ്യാപിച്ചിരുന്നു.

ഇന്നു പുലര്‍ച്ചെ ഒന്നോടെ ആശുപത്രിയിലെത്തിയ ഡയറക്ടര്‍കൂടിയായ എഡിഎം എന്‍.ടി. മാത്യു, എംഡി കെ. രവി, പ്രിന്‍സിപ്പല്‍ ഡോ. രാധാകൃഷ്ണന്‍ എന്നിവരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. ഇന്നുരാവിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പലിന്റേയും ഡയറക്ടര്‍ മാത്യുവിന്റേയും ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ ഉപരോധസമരം നടത്തി. ഇതിനിടെ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. മെഡിക്കല്‍ കോളജ് പിആര്‍ഒ ബിജു കണ്ടക്കൈയ്ക്ക് നിസാര പരിക്കേറ്റു.

ഇന്നലെ രാത്രി ഒന്‍പതോടെയാണു മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന മെന്‍സ് ഹോസ്റ്റലില്‍ ഒരുസംഘം ആക്രമണം നടത്തിയത്. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ റാഗിംഗ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോളജ് ജീവനക്കാരായ രണ്ടുപേരുടെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളായ സാജന്‍ പി. കോശി (21), ആനന്ദ് ബാബു (22), ദീപക് രാജ് (25), കമറുദ്ദീന്‍ (25), ഷംജിത്ത് (23) എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളായ അഖില്‍ കെ. വിജയന്‍ (21), എ. നിഥിന്‍ (24), ബോണി ജോര്‍ജ് (24), ജിബിന്‍ സുമന്‍ (24), കെ. മെര്‍വിന്‍ (23) എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റ ഗ്യാസ്‌ട്രോളജി വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ് (26), ഹൗസ് സര്‍ജന്‍ ഡോ. മിലന്‍ പോള്‍ (24) എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു.

വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാരോപിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ കടന്നപ്പള്ളിയിലെ ജിജേഷ് (29), മെന്‍സ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഏമ്പേറ്റിലെ ജിബിന്‍ (23) എന്നിവരും ആശുപത്രിയില്‍ ചികിത്സതേടിയെത്തി. രാത്രി ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നു ജിജേഷ് പറയുന്നു. ഹോസ്റ്റലില്‍ വച്ചാണ് മര്‍ദനമേറ്റതെന്നു ജിബിന്‍ പരാതിപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി.