മുല്ലപ്പെരിയാര്‍: സംയുക്ത നിയന്ത്രണം ആകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു സംയുക്ത നിയന്ത്രണം എന്ന നിര്‍ദേശം അംഗീകരിക്കാന്‍ കേരളം തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളവും തമിഴ്നാടും കേന്ദ്രവും ചേര്‍ന്ന സംയുക്ത സമിതിയുടെ നിയന്ത്രണത്തിനു കേരളം തയാറാണ്. ഇപ്പോള്‍ ശിരുവാണി അണക്കെട്ടില്‍ ഈ മാതൃകയിലാണു നിയന്ത്രണമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുവേ മുഖ്യമന്ത്രി അറിയിച്ചു.
പുതിയ ഡാമില്‍നിന്നു വെള്ളമെടുക്കാന്‍ കേരളം തുനിയുന്നില്ല. മുഴുവന്‍ വെള്ളവും തമിഴ്നാടിനു നല്കാന് തയാറാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് ആദ്യമായി ദേശീയ തലത്തില്‍ അംഗീകാരം കിട്ടിയിരിക്കുകയാണ്. പ്രശ്നത്തില്‍ വിവേകത്തോടും ഐക്യത്തോടും ഒറ്റക്കെട്ടായി കേരളം കൈക്കൊണ്ട നിലപാടിനു ലഭിച്ച അംഗീകാരമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനു രഹസ്യ അജന്‍ഡയില്ല. തമിഴ്നാടിനു വെള്ളം കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. ഇക്കാര്യം എവിടെയും രേഖാമൂലം പറയാന്‍ തയാറാണ്. ആത്മാര്‍ഥമായാണ് ഇക്കാര്യം പറയുന്നത്. പ്രശ്നത്തിനു താത്കാലിക പരിഹാരമെന്ന നിലയിലും ജനങ്ങളുടെ ഉത്കണ്ഠ അകറ്റുന്നതിനുമാണു ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നു നിര്‍ദേശിച്ചത്. പുതിയ ഡാം നിര്‍മിക്കുക എന്നതുമാത്രമാണു ശാശ്വതപരിഹാരം. ഇക്കാര്യത്തില്‍ തുറന്ന മനസാണു കേരളത്തിനുള്ളത്. ഏതു ചര്‍ച്ചയും നടത്താം, തമിഴ്നാടിന് ഏതുറപ്പും നല്‍കാം.
നേരത്തേ പുതിയ ഡാം എന്ന നിര്‍ദേശംപോലും അംഗീകരിക്കാന്‍ തയാറാകാതിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അതിനെക്കുറിച്ചു ചര്‍ച്ച നടക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്, അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കാം എന്ന നിലപാടാണ് ഇതുവരെ നടന്ന ചര്‍ച്ചയില്‍ തമിഴ്നാട് സ്വീകരിച്ചിരുന്നത്. പുതിയ ഡാം വേണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. ജനങ്ങളുടെ സുരക്ഷയാണു കേരളത്തിനു പരമപ്രധാനം.
പുതിയ ഡാമിന്റെ നിര്‍മാണച്ചെലവു ചര്‍ച്ചയായിട്ടില്ല. അതു തര്ക്കവിഷയമാകില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വം, തമിഴ്നാടുമായുള്ള നല്ല ബന്ധം എന്ന രണ്ടു കാര്യങ്ങള്‍ക്കാണു കേരളം പ്രഥമ പരിഗണന നല്‍കുന്നത്. പുതിയ ഡാം നിര്‍മിക്കുന്നതിനു മുഴുവന്‍ ചെലവും കേരളം വഹിക്കണമെങ്കില്‍ അതിനും തയാറാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.