മൈസൂര്‍ കൊട്ടാരത്തിനുള്ളില്‍ വന്‍ നിധിശേഖരം?

single-img
3 January 2012

മൈസൂര്‍: മൈസൂറിലെ ചരിത്രപ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തിനടിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ നിധിശേഖരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിനുള്ളിലെ രഹസ്യ നിലവറകളില്‍ വന്‍ സ്വര്‍ണശേഖരവും അമൂല്യരത്‌നങ്ങളുടെ ശേഖരവും ഉണെ്ടന്നു കഴിഞ്ഞദിവസം സ്വകാര്യ ടിവി ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണു വ്യക്തമായിട്ടുള്ളത്. വന്‍ നിധിശേഖരമുണെ്ടങ്കിലും കൊട്ടാരത്തിലെ സുരക്ഷയുടെ കാര്യത്തില്‍ സൂക്ഷിപ്പുകാരായ ദേശീയ പുരാവസ്തുവകുപ്പ് അലംഭാവം കാട്ടുകയാണെന്നും ചാനല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ചാനല്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം അടിയന്തരനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര,സംസ്ഥാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊട്ടാരം സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ സ്വര്‍ണശേഖരം കണെ്ടത്തിയതിനു പിന്നാലെയാണ് മൈസൂര്‍ കൊട്ടാരത്തിനുള്ളിലെ നിധിശേഖരം സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവരുന്നത്. മൈസൂര്‍ കൊട്ടാരത്തിനുള്ളില്‍ വന്‍ നിധിശേഖരമുണെ്ടന്നു നാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണെ്ടങ്കിലും ഇതിനു സ്ഥിരീകരണം നല്‍കാന്‍ പുരാവസ്തു വകുപ്പധികൃതര്‍ ഇതുവരെ തയാറായിരുന്നില്ല.

എന്നാല്‍, ചാനല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷം ഇക്കാര്യം അവര്‍ സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം, പുരാവസ്തുവകുപ്പുമായി ആലോചിച്ച് കൊട്ടാരത്തിന് സുരക്ഷ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സുനില്‍ അഗര്‍വാള്‍ അറിയിച്ചു. കൊട്ടാരത്തിന് ഇപ്പോള്‍ മതിയായ സുരക്ഷ നല്‍കുന്നുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് താജ്മഹല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ചരിത്രസ്മാരകം മൈസൂര്‍ കൊട്ടാരമാണ്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഓരോ ദിവസവും ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.