മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

single-img
3 January 2012

ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മഅദനിയുടെ അപേക്ഷ. എന്നാല്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗളൂര്‍ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ മഅദനിക്ക് ജാമ്യം നിഷേധിക്കുന്ന വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നും സ്‌ഫോടനത്തിന് ശേഷം ചില പ്രതികള്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ കുറ്റത്തിന് പരമാവധി മൂന്നു വര്‍ഷത്തെ തടവ് മാത്രമാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷയെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മഅദനി കുറ്റക്കാരനാണെന്നും സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്‌ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍ ജാമ്യം അനുവദിക്കുന്നില്ലെങ്കില്‍ പോലീസ് സംരക്ഷണത്തില്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് മഅദനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെയും കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തു. ഡല്‍ഹിയും ബാംഗളൂരും ഉള്‍പ്പെടെ രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചികിത്സാകേന്ദ്രങ്ങളുണ്‌ടെന്നും ബാംഗളൂരിലെ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മഅദനിക്ക് ആയൂര്‍വേദ ചികിത്സ നല്‍കണമെന്ന മെയ് മാസത്തിലെ കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും ചികിത്സ ലഭ്യമാക്കിയിട്ടുണ്‌ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് കോട്ടയ്ക്കലിന്റെ ബാംഗളൂരിലെ കേന്ദ്രത്തില്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചത്.