കൊച്ചി മെട്രോ: കെപിസിസി ഇടപെടുന്നു

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി ഇടപെടുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായും മന്ത്രി ആര്യാടന് മുഹമ്മദുമായും പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടത്തി.
കെപിസിസി ആസ്ഥാനത്തു വച്ചാണ് മുഖ്യമന്ത്രിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്. ഇ. ശ്രീധരനെ വിശ്വാസത്തിലെടുത്തുവേണം പദ്ധതി നടപ്പിലാക്കാനെന്ന് ചെന്നിത്തല നിര്‍ദേശിച്ചതായിട്ടാണ് വിവരം. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ നേരിട്ട് പദ്ധതി ഏര്‍പ്പെടുത്തുന്നതിന് പകരം ആഗോള ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. റെയില്‍വേയുടെ ചുമതലയുള്ള വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദുമായി ടെലിഫോണിലാണ് ചെന്നിത്തല ചര്‍ച്ച നടത്തിയത്.
ആഗോള ടെന്‍ഡര്‍ ക്ഷണിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷവും കെ.വി. തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി പ്രശ്നത്തില്‍ ഇടപെടാന്‍ തയാറായത്.