അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറ്റത്തിന് അവസരം വരുന്നു

single-img
3 January 2012

ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പറില്‍ മാറ്റം വരുത്താതെ ബാങ്ക് മാറാന്‍ അവസരം വരുന്നു. ഇതുസംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ സംവിധാനം നടപ്പിലാക്കുമെന്നു ധനകാര്യ സേവന വിഭാഗം സെക്രട്ടറി ഡി. കെ. മിത്തല്‍ പറഞ്ഞു.

സാമ്പത്തികകാര്യ സെക്രട്ടറി ആര്‍. ഗോപാലന്‍, ധനകാര്യ സെക്രട്ടറി ആര്‍. എസ്. ഗുജ്‌റാള്‍, മുഖ്യ സാമ്പത്തികോപദേഷ്ടാവ് കൗശിക് ബസു എന്നിവരുള്‍പ്പെട്ട യോഗത്തിലാണ് മിത്തല്‍ ഇക്കാര്യം അറിയിച്ചത്. സംവിധാനം നടപ്പിലാക്കുന്നതിനു മുമ്പ് ഒരു ഉപയോക്താവിന്റെ തിരിച്ചറിയല്‍ കോഡ്, നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നിയമങ്ങള്‍, കോ ബാങ്കിംഗ് സൊലൂഷന്‍ എന്നിവ പൂര്‍ണമായിരിക്കണം. ബാങ്ക് മാറ്റത്തിന് കെ വൈസി ഒരിക്കല്‍ മാത്രം പാലിച്ചാല്‍ മതിയാകും.

കഴിഞ്ഞവര്‍ഷം മൊബൈല്‍ ഫോണ്‍ കമ്പനി മാറ്റവും ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി മാറ്റവും ആവിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ റിസര്‍വ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിലെ പലിശനിരക്കുകളുടെ നിയന്ത്രണം നീക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ചില സ്വകാര്യ ബാങ്കുകള്‍ പലിശ ഏഴുശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്തു.

പൊതുമേഖലാ ബാങ്കുകള്‍ക്കു കൂടുതല്‍ മൂലധനം അനുവദിക്കുന്ന നടപടിക്രമങ്ങള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നു മിത്തല്‍ അറിയിച്ചു. ഈ സാമ്പത്തികവര്‍ഷം ബാങ്കുകള്‍ക്കായി ആറായിരം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, സിന്‍ഡിക്കറ്റ് ബാങ്ക് തുടങ്ങി വിവിധ ബാങ്കുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.