പാക്കിസ്ഥാനില്‍ ഇമ്രാന്‍ – മുഷാറഫ് സഖ്യത്തിന് സാധ്യത

single-img
2 January 2012

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ്, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ – ഇന്‍സാഫുമായി സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്ന് സൂചന.

മുഷാറഫിന്റെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ പാര്‍ട്ടിക്കു തുറന്ന സമീപനമാണുള്ളതെന്ന് തെഹ്‌രിക് ഇ – ഇന്‍സാഫ് പാര്‍ട്ടിയുടെ പുതിയ വൈസ് ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഖുറേഷി പറഞ്ഞു.

2009ല്‍ പാക്കിസ്ഥാനില്‍ നിന്ന് നാടുകടത്തപ്പെട്ട മുഷാറഫ് ഈ മാസം അവസാനം രാജ്യത്ത് തിരിച്ചെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മെമ്മോഗേറ്റ് വിവാദത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഖുറേഷിയുടെ പ്രസ്താവന.