മുന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം തിരുത്താന്‍ യുഡിഎഫ് തയാറാകണം: എന്‍എസ്എസ്

single-img
2 January 2012

ചങ്ങനാശേരി: മുന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയം തിരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. മന്നം ജയന്തി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

കാലങ്ങളായി എന്‍എസ്എസ് ആവശ്യപ്പെട്ടുകൊണ്ടിരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. മന്നത്തു പത്മനാഭന്റെ ജന്മദിനം നിയന്ത്രിത അവധിയാക്കി പ്രഖ്യാപിച്ചതു സമുദായത്തിനു മുഴുവന്‍ ആശ്വാസം പകരുന്നതാണ്. മുന്നോക്ക സമുദായക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ 1958ല്‍ അന്നത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടിനു നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം യുഡിഎഫ് ഗവണ്‍മെന്റാണു അതിനു തീരുമാനമുണ്ടാക്കിയതെന്നതു വളരെ പ്രശംസനീയമാണ്. എന്‍എസ്എസിന്റെ കീഴിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ആവശ്യമായ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിയെ ഏല്പിക്കാനുള്ള മുന്‍സര്‍ക്കാരിന്റെ തീരുമാനം തിരുത്തണമെന്നു മുഖ്യമന്ത്രിക്കു നിവേദനം നല്കിയിരുന്നു. അക്കാര്യം പഠിച്ച് എത്രയുംപെട്ടന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് ആശാവഹമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപം അനധികൃതമായി സ്ഥലമേറ്റെടുത്തു ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്താനുള്ള ചിലരുടെ ശ്രമങ്ങള്‍ അന്വേഷിച്ചറിഞ്ഞ ഉടന്‍തന്നെ മുഖ്യമന്ത്രി നടപടി പൂര്‍ണമായി പിന്‍വലിപ്പിച്ചു. അതുപോലെതന്നെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് പത്മനാഭന്റെ സ്വത്തായി നിലനിര്‍ത്താനും യുഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.