മുല്ലപ്പെരിയാര്‍: പുതിയ ഡാം ചര്‍ച്ചയിലേക്ക്

single-img
2 January 2012

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിച്ചാല്‍ നിയന്ത്രണാധികാരം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാമോയെന്നു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേരളത്തോടും തമിഴ്‌നാടിനോടും ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഉന്നതാധികാര സമിതി പരിശോധിക്കുന്നത് ഇതാദ്യമാണ്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഭൂചലനത്തെത്തുടര്‍ന്ന് അണക്കെട്ടിന്റെ സ്ഥിതി വിവരിക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും ഉന്നതാധികാര സമിതി ഇന്നു ചര്‍ച്ച ചെയ്യും. അണക്കെട്ടിന്റെ ഉടമസ്ഥത, നിയന്ത്രണം, നടത്തിപ്പ്, വെള്ളം കൊടുക്കുന്നതു സംബന്ധിച്ച നിലപാടുകള്‍ എന്നിവയും ഡാമിന്റെ നിയന്ത്രാണാധികാരം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കാമോ എന്ന കാര്യത്തിലുള്ള വിശദീകരണവും നല്‍കാനാണ് ഉന്നതാധികാര സമിതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു കേരളം അറിയിച്ചു. കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ പണം ഉപയോഗിച്ചു നിര്‍മിക്കുന്ന അണക്കെട്ടിന്റെ ഉടമസ്ഥാവകാശം വിട്ടുതരാനാവില്ലെന്നാണു കേരളത്തിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍ വ്യക്തമാക്കിയത്. പുതിയ ഡാം എന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്നതിനാല്‍ തമിഴ്‌നാട് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയില്ല.

അണക്കെട്ട് അറ്റകുറ്റപ്പണിയിലൂടെ ബലപ്പെടുത്തി മുന്നോട്ടു നീങ്ങാനാകുമെന്ന തമിഴ്‌നാടിന്റെ വാദത്തെ എതിര്‍ത്ത് രാജീവ് ധവാന്‍ നടത്തിയ വാദമാണു പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്ന തരത്തില്‍ ഉന്നതാധികാര സമിതിയെ എത്തിച്ചത്. അണക്കെട്ട് അറ്റകുറ്റപ്പണിയിലൂടെ ബലപ്പെടുത്താമെന്ന തമിഴ്‌നാടിന്റെ വാദം ആശങ്കയ്ക്കു ശാ ശ്വതപരിഹാരമല്ലെന്ന് അദ്ദേഹം വാദിച്ചു.

എന്നാല്‍, പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അടിസ്ഥാനമില്ലെന്നും 100 വര്‍ഷമെന്നതു ഡാമുകളുടെ കാര്യത്തില്‍ വലിയ കാലയളവല്ലെന്നും തമിഴ്‌നാട് വാദിച്ചു. ഇതിനു മറുപടി നല്‍കിയ കേരളം, നിലവിലെ അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയാല്‍ എത്രകാലമെന്ന് ഉറപ്പുപറയാന്‍ ഉന്നതാധികാര സമിതിക്കോ തമിഴ്‌നാടിനോ ആകുമോ എന്നു ചോദിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ അണക്കെട്ട് നിര്‍മിച്ചു കഴിഞ്ഞാലുള്ള അനന്തര നടപടികളെക്കുറിച്ചു വിശദമാക്കാന്‍ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടത്.

മേഖലയില്‍ അടിക്കടി ഭൂചലനമുണ്ടാകുന്നുണെ്ടങ്കിലും ഇതുവരെ അണക്കെട്ടിനു വിള്ളലുണ്ടായിട്ടില്ലെന്നു കേരളം വ്യക്തമാക്കി. എന്നാല്‍ അതുകൊണ്ട്, നിലവിലുള്ള അണക്കെട്ടുമായി മുന്നോട്ടുപോകാനാവില്ല. റിക്ടര്‍ സ്‌കെയിലില്‍ ആറിനു മുകളില്‍ തീവ്രതയുള്ള ഭൂചലനം വന്നാലുണ്ടാകുന്ന സാധ്യതകള്‍ പരിശോധിച്ചാല്‍ അണക്കെട്ട് സുരക്ഷിതമല്ല. സംരക്ഷണ കവചമായി കേരളം പുതിയ അണക്കെട്ടു നിര്‍മിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ സമതിയെ അറിയിച്ചു. ഇതിന് അനുമതിയുടെ ആവശ്യമില്ലെന്ന വാദവും ഉന്നയിച്ചു. സുപ്രീംകോടതിയിലെ കേസ് തീര്‍പ്പായാല്‍ ഉടന്‍തന്നെ പുതിയ അണക്കെട്ടിന്റെ പദ്ധതിയുമായി മുന്നോട്ടുപോകും. പുതിയ അണക്കെട്ടു മുന്‍കരുതല്‍ മാത്രമാണെന്നും സംസ്ഥാനം വ്യക്തമാക്കി.