മന്ത്രി കെ.പി.മോഹനന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി; വനിതാ പോലീസ് അകമ്പടി പോയതായി പരാതി

single-img
2 January 2012

ശബരിമല: മന്ത്രി കെ.പി.മോഹനന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്നു പുലര്‍ച്ചെയാണ് മന്ത്രിയും കുടുംബാംഗങ്ങളുമടങ്ങുന്ന 35 അംഗ സംഘം സന്നിധാനത്ത് എത്തിയത്. 40 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന കെ.പി. മോഹനന്‍ മന്ത്രിയായ ശേഷം ആദ്യമായാണ് എത്തിയത്.

ഇന്നലെ രാത്രി എരുമേലിയില്‍ പേട്ടതുള്ളല്‍ നടത്തിയ ശേഷമാണ് സംഘം മലകയറിയത്. അതേസമയം മന്ത്രിയെയും സംഘത്തെയും രണ്ട് വനിതാ പോലീസുകാര്‍ നീലിമല വരെ അനുഗമിച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്. പമ്പ വരെ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളു. ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയാനാണ് പമ്പയില്‍ വനിതാ പോലീസിനെ നിയോഗിച്ചിരിക്കുന്നത്. ഇവിടം കടന്ന് ഇവര്‍ മല ചവിട്ടാറില്ല. മന്ത്രിയുടെ സംഘത്തില്‍ അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാരുള്‍പ്പെടെ ആറ് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇവരുടെ സുരക്ഷയ്ക്കായിട്ടാണ് വനിതാ പോലീസുകര്‍ നീലിമല വരെ കയറിയത്. ഇതിന് ക്യാമറ ദൃശ്യങ്ങളും തെളിവായിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാരാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിജിപി പമ്പ സ്റ്റേഷന്‍ ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.