താനെ ചുഴലിക്കാറ്റ്: മരണസംഖ്യ 33 ആയി

single-img
31 December 2011

ചെന്നൈ: തമിഴ്‌നാട് തീരത്ത് വീശിയടിച്ച താനെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ചെന്നൈ, നാഗപട്ടണം, പുതുച്ചേരി എന്നിവടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ ഏഴുമണിയോടെയാണ് നാഗപട്ടണത്തിനും കടലൂരിനും ഇടയില്‍ ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. കടലൂരില്‍ മാത്രം 21 പേരാണ് മരിച്ചത്. പുതുച്ചേരിയില്‍ ഏഴും വില്ലുപുരം, തിരുവള്ളൂര്‍ എന്നിവടങ്ങളില്‍ രണ്ടു പേര്‍ വീതവും ചെന്നൈയില്‍ ഒരാളും മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

വിഴുപ്പുറം, പുതുച്ചേരി, തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇവിടെ നൂറോളം കുടിലുകള്‍ ഒലിച്ചുപോയി. 140 കിലോമീറ്റര്‍ വേഗത്തിലാണ് താനെ ചുഴലിക്കാറ്റ് നാഗപട്ടണം തീരത്ത് വീശിയത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പുതുച്ചേരി തീരത്ത് ഒന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു.

ചുഴലിക്കാറ്റിനൊപ്പം എത്തിയ കനത്ത മഴയില്‍ പുതുച്ചേരിയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇന്നു പുലര്‍ച്ചെ രണ്ടു മണി മുതല്‍ മാത്രം 14 സെന്റിമീറ്റര്‍ മഴയാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. കടലൂരില്‍ ഏഴു സെന്റിമീറ്റര്‍ മഴ പെയ്തു. മുന്‍കരുതലെന്ന നിലയ്ക്ക് ഇന്നലെ രാത്രി 11 മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. തീരപ്രദേശങ്ങളിലുള്ള 5000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിനായി 150 കോടിയുടെ ധനസഹായം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചു.