കൊച്ചി മോട്രോ: ഡിഎംആര്‍സി പിന്‍മാറുന്നു

single-img
30 December 2011

കൊച്ചി: നിര്‍ദിഷ്ട കൊച്ചി മെട്രോ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) പിന്‍മാറുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോയ്ക്കായി ഇപ്പോള്‍ തുടങ്ങിവെച്ച ജോലികള്‍ പൂര്‍ത്തിയായാല്‍ കൊച്ചിയിലെ ഡിഎംആര്‍സി ഓഫീസ് അടയ്ക്കും. ഇതിനുള്ള നിര്‍ദേശം ഡിഎംആര്‍സിയുടെ കൊച്ചി ഓഫീസിന് ലഭിച്ചു.

കൊച്ചി മോട്രോയ്ക്കായി കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഡിഎംആര്‍സി പിന്‍മാറുന്നത്. എംജി റോഡ്, ബാനര്‍ജി റോഡ് വികസനങ്ങളില്‍ നിന്ന് പിന്‍മാറാനും ഡിഎംആര്‍സി തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുടെ കണ്‍സള്‍ട്ടന്റായി മാത്രം തുടര്‍ന്നാല്‍ മതിയെന്ന് ഡിഎംആര്‍സിയോട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) നിര്‍ദേശിച്ചിരുന്നു. കൊച്ചി മേട്രോ പദ്ധതി നടത്തിപ്പിനായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റം.

കെഎംആര്‍എല്‍ വിളിക്കുന്ന ആഗോള ടെന്‍ഡറില്‍ പങ്കെടുക്കേണ്‌ടെന്നും ഡിഎംആര്‍സി തീരുമാനിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഡിഎംആര്‍സി മാനേജിംഗ് ഡയറക്ടര്‍ ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.