ഹസാരെയുടെ സത്യഗ്രഹം ഏശിയില്ല: പ്രശാന്ത് ഭൂഷണ്‍

single-img
29 December 2011

ന്യൂഡല്‍ഹി: അന്നാഹസാരെ നടത്തിയ നിരാഹാരസത്യഗ്രഹം ഉദ്ദേശിച്ച ഫലമുണ്ടാക്കിയില്ലെന്നു സംഘാംഗമായ പ്രശാന്ത് ഭൂഷണ്‍. പൂര്‍ണമായും പ്രയോജനരഹിതമായ ഇപ്പോഴത്തെ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കിയിട്ടു കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനായി ജനുവരി രണ്ടിനോ മൂന്നിനോ റാലെഗാന്‍സിദ്ധിയില്‍ കോര്‍ കമ്മിറ്റി യോഗം ചേരുമെന്നും ഡല്‍ഹിയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കവേ അദ്ദേഹം അറിയിച്ചു.

സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണു സത്യഗ്രഹം നടത്തിയത്. തീര്‍ത്തും ദുര്‍ബലവും പ്രയോജനരഹിതവുമായ ബില്‍ പാസാക്കിയ സ്ഥിതിക്ക് സമ്മര്‍ദംകൊണ്ട് കാര്യമില്ലാതെയുമായി. സത്യഗ്രഹം തുടരുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു തോന്നിയതിനാലും അന്നാഹസാരെയുടെ അനാരോഗ്യം പരിഗണിച്ചും സത്യഗ്രഹം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.