ഉത്തര കൊറിയയില്‍ കിം ജോംഗ് ഉന്‍ അധികാരമേറ്റു

single-img
29 December 2011

സോള്‍: ഉത്തര കൊറിയയുടെ പരമോന്നത നേതാവായി കിം ജോംഗ് ഉന്‍ അധികാരമേറ്റു. ഡിസംബര്‍ 17 ന് അന്തരിച്ച കിം ജോംഗ് ഇല്ലിന്റെ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ ഇളയ പുത്രനായ കിം ജോംഗ് ഉന്‍ അധികാരമേറ്റത്.

ഇല്ലിന്റെ സംസ്‌കാര ചടങ്ങുകള്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. സൈനിക ഉദ്യോഗസ്ഥരും നൂറുകണക്കിന് ജനങ്ങളും വിലാപ യാത്രയില്‍ പങ്കെടുത്തു. കിം ജോംഗ് ഇല്ലിന്റെ വേര്‍പാടില്‍ അനുശോചിച്ച് സൈനികര്‍ 21 വെടികള്‍ മുഴക്കി അഭിവാദ്യമര്‍പ്പിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് കിം ജോംഗ് ഉന്‍ ആണ് നേതൃത്വം നല്‍കിയത്. തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.

അധികാരം പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയില്‍ ഒരുവര്‍ഷം മുന്‍പുവരെ ഭരണതലത്തിലും പൊതുരംഗത്തും ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നില്ല കിം ജോംഗ് ഇല്ലിന്റെ മൂന്നു ആണ്‍ മക്കളില്‍ ഇളയ ആളായ ഉന്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന പാര്‍ട്ടി കണ്‍വന്‍ഷനില്‍ ഉന്നിനെ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനിലേക്കും നിയമിച്ചതോടെയാണ് തന്റെ പിന്‍ഗാമിയായി ഇളയ മകനെയാണ് കിം ജോംഗ് ഇല്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായത്.