കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനം ലോകായുക്ത റദ്ദാക്കി

single-img
29 December 2011

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ ലോകായുക്ത റദ്ദാക്കി. ക്രമക്കേടും സ്വജനപക്ഷപതാവും കണെ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷ റദ്ദാക്കാനുള്ള ശിപാര്‍ശ ലോകായുക്ത സര്‍ക്കാരിന് നല്‍കും.

അന്ന് സ്വീകരിച്ച അപേക്ഷയിന്‍മേല്‍ പുതിയ പരീക്ഷ നടത്താനും ഉപലോകായുക്ത ജസ്റ്റിസ് വി. ശശിധരന്‍ നായരുടെ ഉത്തരവില്‍ പറയുന്നു. ക്രമവിരുദ്ധമായ പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കിയ അന്നത്തെ വൈസ് ചാന്‍സിലര്‍ ഡോ എം.കെ രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സിലര്‍ എം. ജയപ്രകാശ്, ബി.എസ്് രാജീവ്, എം.പി റസല്‍, കെ.എ ആന്‍ഡ്രൂസ്, എ.എ. റഷീദ് തുടങ്ങി ആറുപേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഉപലോകായുക്തയുടെ ഉത്തരവില്‍പറയുന്നു.

2005-ലാണ് കേരള സര്‍വകലാശാല വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ നടത്തിയത്. 200 പേരുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 182 പേര്‍ ജോലിയില്‍ പ്രവേശിച്ചു. മറ്റു ജോലികള്‍ ലഭിച്ചതിനാലും ക്രമക്കേട് സംബന്ധിച്ച കേസുകളുടെ ആധിക്യത്താലും 40 ഓളം പേര്‍ സര്‍വീസ് വിട്ടു. ഇപ്പോള്‍ 149 പേര്‍ ഈ ലിസ്റ്റിലൂടെ പ്രവേശനം നേടി സര്‍വീസിലുണ്ട്.

ഉപലോകായുക്തയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 149 പേര്‍ സര്‍വീസില്‍ നിന്ന് പുറത്തുപോകും. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും കേസ് നടക്കുന്നുണ്ട്.