ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു; ചര്‍ച്ച വ്യാഴാഴ്ച

single-img
28 December 2011

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേലുള്ള ചര്‍ച്ച രാജ്യസഭയില്‍ വ്യാഴാഴ്ച നടക്കും. എട്ടു മണിക്കൂര്‍ ചര്‍ച്ചയായിരിക്കും നടക്കുക. ബില്ല് വ്യാഴാഴ്ച തന്നെ വോട്ടിനിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ വിപ്പ് ലംഘിച്ച് വിട്ടു നിന്ന കോണ്‍ഗ്രസ് എംപിമാരുടെ പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലിന്‍മേല്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കണമെന്നും സോണിയാ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോഴത്തെ നിലയില്‍ പ്രതിപക്ഷ സഹകരണത്തോടെ മാത്രമെ ബില്ല് രാജ്യസഭയില്‍ പാസാക്കാനാവു. രാജ്യസഭയില്‍ യുപിഎക്ക് 99 അംഗങ്ങളുടെ പിന്തുണയാണുള്ളത്. പ്രതിപക്ഷത്തിന് 131 അംഗങ്ങളുടെ പിന്തുണയുണ്ട്.

ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പ് വേളയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും വിട്ടു നിന്നതുപോലെ രാജ്യസഭയിലും വിട്ടു നിന്നാല്‍ പ്രതിപക്ഷ സഹകരണമില്ലാതെ തന്നെ നേരിയ ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനാവും.