തീര്‍ഥാടക വരവ് കുറഞ്ഞിട്ടും കെഎസ്ആര്‍ടിസിയില്‍ വരുമാനം ഉയര്‍ന്നു

single-img
28 December 2011

എരുമേലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സംഘര്‍ഷ സാധ്യതകള്‍ മൂലം ഇത്തവണ ശബരിമല സീസണിലെ മണ്ഡലകാലത്ത് എരുമേലിയില്‍ തീര്‍ഥാടകവരവ് ഗണ്യമായി കുറഞ്ഞിട്ടും കെഎസ്ആര്‍ടിസി എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍ വരുമാനം കൂടി. മണ്ഡലകാലത്തിലെ 41 ദിനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് രണ്ടുദിവസം മുമ്പ് വരെയുള്ള കണക്കു പ്രകാരം 43,00,254 രൂപയാണ് ശബരിമല സ്‌പെഷല്‍ സര്‍വീസ് ഇനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 6,63,259 രൂപയുടെ വര്‍ധനവ് ലഭിച്ചു. 11 ബസുകളാണ് സ്‌പെഷല്‍ സര്‍വീസിനായി ആദ്യം അനുവദിച്ചത്. മണ്ഡലകാലത്തിനിടെ ബസുകളുടെ എണ്ണം ചുരുങ്ങിയ തോതില്‍ വര്‍ധിപ്പിച്ചു നല്‍കി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടിക്കറ്റ് ചാര്‍ജില്‍ ആറു രൂപയുടെ വര്‍ധനവ് ഇത്തവണയുണ്ട്. കഴിഞ്ഞ സീസണില്‍ എരുമേലി – പമ്പ ടിക്കറ്റ് നിരക്ക് 37 രൂപയായിരുന്നെങ്കില്‍ ഇത്തവണ 43 രൂപയാണ്. ബസിനായി സെന്ററില്‍ തീര്‍ഥാടകര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാവില്ലെന്ന് അധികൃതര്‍ പറഞ്ഞു.

യാത്രക്കാര്‍ എത്തുന്നതനുസരിച്ച് ബസുകള്‍ തയാറാക്കി നല്‍കിയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സെന്ററില്‍ സ്ഥലം കുറവായതിനാല്‍ മണ്ഡലകാലത്തിന്റെ പകുതിയില്‍ പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവിട്ട് തൊട്ടടുത്തുള്ള സ്വകാര്യ പാര്‍ക്കിംഗ് മൈതാനം വാടകവ്യവസ്ഥയില്‍ എടുത്ത് നല്‍കിയിരുന്നു.

1998 ല്‍ ജനകീയാസൂത്രണ പദ്ധതിപ്രകാരം ദേവസ്വത്തിന്റെ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് പഞ്ചായത്ത് കെഎസ്ആര്‍ടിസിക്കായി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മിച്ചു നല്‍കിയത്. സൗകര്യപ്രദമായ മൂന്നേക്കര്‍ സ്ഥലം സമീപത്ത് ലഭിച്ചാല്‍ സെന്ററിനെ സബ്ഡിപ്പോയാക്കി ഉയര്‍ത്താമെന്നാണ് പഞ്ചായത്തിനു ലഭിച്ചിരിക്കുന്ന വാഗ്ദാനം. ഇതിനായി തളികപ്പാറയിലുള്ള ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലമാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. നിലവില്‍ പരിമിതികളേറെയുണ്ടായിട്ടും ഓപ്പറേറ്റിംഗ് സെന്ററില്‍ ഇതുവരെ വരുമാനം താഴ്ന്നിട്ടില്ല. ഓരോ ശബരിമല സീസണിലും മികച്ച കളക്്ഷന്‍ നേടുന്ന സെന്ററിനെ ഡിപ്പോതലത്തിലേക്ക് ഉയര്‍ത്താന്‍ വൈകുന്നത് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. മണ്ഡലകാലത്തിലെ വരുമാനത്തിന്റെ കണക്കുകള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്. കൃത്യമായ കണക്ക് ഇന്നേ പരസ്യപ്പെടുത്തൂ.