Latest News

ലോക്പാല്‍ ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലും ലോക്‌സഭ പാസാക്കി. രാത്രി പതിനൊന്നോടെയാണ് ചരിത്രപ്രധാനമായ നിയമനിര്‍മാണത്തിന്റെ നിര്‍ണായക ഘട്ടം കടന്നത്. ബുധനാഴ്ച ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യും.

രാജ്യത്ത് 1968 മുതല്‍ നടക്കുന്ന നിയമനിര്‍മാണ ശ്രമമാണ് വിജയം കണ്ടത്. ലോക്പാലിനു വേണ്ടി പ്രക്ഷോഭം നയിച്ച അന്നാ ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തിന്റെ മൂന്നാമത്തെ ഘട്ടം മുംബൈയില്‍ നടന്ന അതേ വേളയിലാണ് ലോക്‌സഭ ബില്‍ ചര്‍ച്ച ചെയ്തു പാസാക്കിയത്. മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. തുടര്‍ന്നു പ്രതിപക്ഷ കക്ഷികളുടെ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളി. അതിനുശേഷമാണ് ഔദ്യോഗിക ഭേദഗതികള്‍ വോട്ടിനിട്ടത്.

പ്രതിപക്ഷത്തിന്റെ ആദ്യഭേദഗതി ഇലക്‌ട്രോണിക് വോട്ടിംഗിലൂടെ തള്ളിയപ്പോള്‍ 69-246 ആയിരുന്നു വോട്ടിംഗ് നില. തുടര്‍ന്നു മറ്റു ഭേദഗതികള്‍ക്കും ബില്ലുകള്‍ക്കും ശബ്ദ വോട്ട് മാത്രമെ വേണ്ടിവന്നുള്ളൂ. സംസ്ഥാനങ്ങളില്‍ ലോകായുക്ത നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ എതിര്‍പ്പുകളെത്തുടര്‍ന്നു സര്‍ക്കാര്‍ ഭേദഗതി ചെയ്തു. സംസ്ഥാനങ്ങളുടെ അനുമതിയോടെയേ ലോകായുക്ത വിജ്ഞാപനം പുറപ്പെടുവിക്കൂ എന്നു മറുപടി പ്രസംഗത്തില്‍ മന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു.

എംപിമാര്‍ക്കെതിരേ ലോക്പാല്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്കു വ്യവസ്ഥ ചെയ്ത 24-ാം വകുപ്പ് എടുത്തുകളഞ്ഞു. പ്രധാനമന്ത്രിക്കെതിരേ ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ നാലില്‍ മൂന്നു ഭൂരിപക്ഷം എന്നത് മൂന്നില്‍ രണ്ട് എന്നാക്കി മാറ്റി. കമ്പനികളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎം ഭേദഗതി വോട്ടിനിട്ടപ്പോള്‍ ബിജെപി വിട്ടുനിന്നു.

ഭരണ ഘടനാ ഭേദഗതി ബില്‍ 321-71 വോട്ടുകളോടെ പാസാക്കപ്പെട്ടു. ഭേദഗതികള്‍ മുഴുവന്‍ വോട്ടു ചെയ്തശേഷമാണ് ബില്ലുകള്‍ പാസാക്കാനുള്ള വോട്ടിംഗ് നടന്നത്. ബിജെപിയുടെ പലനിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണു ബില്‍ പാസാകാനുള്ള വഴി തെളിഞ്ഞത്. എസ്പിയും ബിഎസ്പിയും വിട്ടു നിന്നതോടെ വോട്ടിംഗിലെ അനിശ്ചിതത്വം ഒഴിവാകുകയും ചെയ്തു. അവസാന വോട്ടിംഗ് വേളയില്‍ ഇടതുപക്ഷം ഇറങ്ങിപ്പോയി. ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ചു ലോക്‌സഭയില്‍ നടന്ന ചര്‍ച്ച സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ആരോപണങ്ങളാല്‍ ചുട്ടുപഴുത്തു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ സര്‍ക്കാര്‍ മറുപടികൊടുക്കുകയും, ചില വ്യവസ്ഥകളിന്മേല്‍ പ്രതിപക്ഷത്തിനൊപ്പം ചില ഭരണകക്ഷികള്‍ ചേരുകയും ചെയ്തപ്പോള്‍ ലോക്‌സഭ ബഹളമയമായി.

ലോക്പാലിനൊപ്പം സംസ്ഥാനങ്ങളില്‍ ലോകായുക്തയും നിര്‍ബന്ധമായി രൂപവത്കരിക്കാനുള്ള വ്യവസ്ഥയ്‌ക്കെതിരേ പ്രതിപക്ഷത്തിനൊപ്പം യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്നു. ലോക്പാല്‍, ലോകായുക്ത ബില്ലും ഭരണഘടനാ ഭേദഗതി ബില്ലും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കു സംരക്ഷണം നല്‍കുന്ന ബില്ലും ഒരുമിച്ചാണു ലോക്‌സഭയുടെ പരിഗണനയ്ക്കു വച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണ സ്വാമിയാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. ശക്തമായ ലോക്പാല്‍ ബില്ലാണു സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ബില്‍ ദുര്‍ബലമാണെന്ന പ്രതിപക്ഷ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും നാരായണ സ്വാമി പറഞ്ഞു. സിബിഐയുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ടില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം അവര്‍ക്കു നല്‍കിയിട്ടുണെ്ടന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് രംഗത്തെത്തിയത്. ന്യൂനപക്ഷത്തിനു പ്രാതിനിധ്യം നല്‍കിയതാണു ഭരണഘടനാ വിരുദ്ധമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ലോകായുക്താ രൂപവത്കരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സിബിഐയുടെ ഭരണവിഭാഗവും അന്വേഷണ വിഭാഗവും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്നും ലോക്പാലിന് അന്വേഷണ അധികാരം വേണമെന്നും സുഷമ ആവശ്യപ്പെട്ടു.

ഇതിനു മറുപടിയുമായി എഴുന്നേറ്റ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തി. എന്‍ഡിഎ ഭരണകാലത്ത് പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്നതു ബിജെപി എതിര്‍ത്തുവെന്നും ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ വര്‍ഷങ്ങളായി ലോകായുക്ത നിര്‍ജീവമാണെന്നും സിബല്‍ ആരോപിച്ചു. സിബലിന്റെ മറുപടി അല്പനേരം ബിജെപിയുടെ ബഹളത്തിന് ഇടയാക്കി.

രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ലോക്പാലില്‍ പല കാര്യങ്ങളും ഒഴിവാക്കുകയായിരുന്നെന്നു മുലായം സിംഗ് യാദവ് കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യ വ്യവസ്ഥിതിക്കെതിരേയുള്ള ആക്രമണമാണെന്നു ലാലു പ്രസാദ് യാദവും ആരോപിച്ചു. ലോക്പാല്‍ ബില്‍ തന്നെ പിന്‍വലിക്കണമെന്നാണു ശിവസേന ആവശ്യപ്പെട്ടത്. സിബിഐ, എംപിമാര്‍, പ്രധാനമന്ത്രി എന്നിവരെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതും ലോകായുക്ത ലോക്പാലിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നതും സംബന്ധിച്ചാണ് പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നന്നത്. സിബിഐയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നു ബിജെപി ആവശ്യപ്പെട്ടപ്പോള്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു സിബിഐയെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്.