ഇരിട്ടിയില്‍ കൂട്ടമാനഭംഗം; മുഴുവന്‍ പ്രതികളേയും പിടികൂടി

single-img
27 December 2011

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും പതിനേഴുകാരിയുമായ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ടമാനഭംഗം ചെയ്ത് പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളുകയാ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യമജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ ഉളിക്കല്‍ പ്ലാത്തോട്ടത്തില്‍ ജാനകി ബിജു (37), ഉളിക്കല്‍ മണിപ്പാറയിലെ നടുതുണ്ടി എന്‍.ഐ ജംഷീര്‍ (22), വയനാട് മേപ്പാടി കണ്ണോത്ത്മുഹമ്മദ് ഷരീഫ് (27), ഉളിക്കല്‍ കൊമ്പനാപറമ്പില്‍മുഹമ്മദ് ഷാലിഫ്(22) എന്നിവരാണ് റിമാന്‍ഡിലായത്. പ്രതികള്‍ സഞ്ചരിച്ച മിനി ലോറിയും ഒരു ബൈക്കും കോടതിയില്‍ ഹാജരാക്കി.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരിട്ടിയില്‍ കൂട്ടമാനഭംഗത്തിനിരയായ ബംഗാള്‍ സ്വദേശിനിക്ക് ഇനിയും ശരിയായ മാനസിക നില തിരിച്ചുകിട്ടിയില്ല. കൗണ്‍സിലിംഗ് നടത്തിയിട്ടും പൂര്‍ണമായും പഴയ നിലയിലേക്ക് തിരിച്ച് വരാത്തതിനാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തുടര്‍ ദിവസങ്ങളില്‍ വേണ്ടിവരുമെന്ന് കേസന്വേഷിക്കുന്ന ഇരിട്ടി സിഐ വി.വി മനോജ് പറഞ്ഞു. ഇതിനായി പെണ്‍കുട്ടിയെ ഇന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ചു.

യുവതി പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള പരേഡ് ജയിലില്‍ നടത്താന്‍ അനുമതിക്ക് വേണ്ടിയുള്ള ഹര്‍ജി പോലീസ് കോടതിയില്‍ നല്‍കി. കൂടാതെ യുവതിയെയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളായ രണ്ട് യുവാക്കളുടെയും മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ നേരിട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന പ്രത്യേക ഹര്‍ജിയും അന്വേഷണ സംഘം നല്‍കിയിട്ടുണ്ട്. പിന്നീട് ഇവര്‍ മൊഴി മാറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.