അന്നാ ഹസാരെ നിരാഹാരം ആരംഭിച്ചു

single-img
27 December 2011

മുംബൈ: സര്‍ക്കാര്‍ അവതരിപ്പിച്ച ദുര്‍ബലമായ ലോക്പാല്‍ ബില്ലിനെതിരേ അന്നാ ഹസാരെ പ്രഖ്യാപിച്ച ത്രിദിന ഉപവാസം മുംബൈയില്‍ ആരംഭിച്ചു. ബാന്ദ്ര കുര്‍ളയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലാണ് ഉപവാസം.

രാവിലെ ജൂഹു ബീച്ചിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി നമസ്‌കരിച്ച ശേഷമാണ് ഹസാരെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഉപവാസവേദിയിലേക്ക് തിരിച്ചത്. അലങ്കരിച്ച ട്രക്കിലായിരുന്നു ഹസാരെയുടെ യാത്ര. 11 മണിക്ക് ഉപവാസമാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും 90 മിനുട്ടുകളോളം വൈകിയാണ് ഹസാരെയ്ക്ക് ഉപവാസ വേദിയിലെത്താന്‍ കഴിഞ്ഞത്. വന്ദേമാതരവും ഈങ്ക്വിലാബ് സിന്ദാബാദും ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു ഹസാരെ ഉപവാസം ആരംഭിച്ചത്.

ഹസാരെയുടെ അടുത്ത അനുയായികളായ കിരണ്‍ ബേദിയും അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോഡിയയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉപവാസത്തില്‍ പങ്കെടുക്കാനും ഹസാരെയുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കാനും ആയിരങ്ങള്‍ ഗ്രൗണ്ടിലെത്തിയിട്ടുണ്ട്.