കലാഭവന്‍ മണിക്കെതിരേ കേസ്

single-img
26 December 2011

ചാലക്കുടി: പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന് സിനിമാതാരം കലാഭവന്‍ മണിയുടെ പേരില്‍ ചാലക്കുടി പോലീസ് കേസെടുത്തു. ചാലക്കുടി സ്‌റ്റേഷനിലെ ഉമേഷ് എന്ന പോലീസുകാരന്റെ പരാതിയിലാണ് കേസെടുത്തത്.

കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി എഴുന്നള്ളിപ്പിനിടെ അതിരപ്പിള്ളി റോഡില്‍ ഗതാഗത തടസം ഉണ്ടായി. കാവടി ഘോഷയാത്ര നയിച്ചിരുന്ന കലാഭവന്‍ മണിയും ട്രാഫിക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു. വാഹനം കടത്തിവിടാന്‍ പോലീസുകാരന്‍ ഉത്സവം നടത്തിപ്പുകാരോട് ആവശ്യപ്പെട്ടെങ്കിലും ചിലര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരനുമായി നടത്തിപ്പുകാരില്‍ ചിലര്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ മണി ഇടപെടുകയും പോലീസുകാരന്റെ കൈയില്‍ പിടിച്ച് വലിച്ചു മാറ്റുകയും ചെയ്തുവെന്ന് പറയുന്നു.

പോലീസുകാരന്‍ ഉമേഷിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മണിക്കെതിരെ കേസെടുത്തത്.