തിരുവനന്തപുരത്ത് അഞ്ചാം ദിവസവും മാലിന്യം ചീഞ്ഞുനാറുന്നു

single-img
25 December 2011

തിരുവനന്തപുരം: മാലിന്യ നീക്കം തടസപ്പെട്ടതോടെ അഞ്ചാം ദിവസും നഗരം മാലിന്യത്തിന്റേയും പ്രതിഷേധത്തിന്റെ പിടിയില്‍. ഓരോ പ്രദേശത്തെയും മാലിന്യം അതതു പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കുഴിച്ചുമൂടണമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തെങ്കിലും ഇതും ഫലപ്രദമായിട്ടില്ല.

വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പഞ്ചായത്ത് അടച്ചു പൂട്ടിയതിനെ തുടര്‍ന്നു മാലിന്യ സംസ്‌കരണ ചുമതലയില്‍നിന്നു നഗരസഭ പിന്‍മാറിയതോടെയാണു പ്രശ്‌നം രൂക്ഷമായത്. നഗരത്തില്‍ പലയിടത്തും മാലിന്യം കുന്നുകൂടാന്‍ തുടങ്ങിയതോടെ നഗരവാസികള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലകപ്പെടുമെന്ന പേടിയോടെയാണു ജീവിക്കുന്നത്. ഇതിനിടെ, മെഡിക്കല്‍ കോളജ് ഭാഗത്തു കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലര്‍ന്നതും സംഘര്‍ഷത്തിനിടയാക്കി. ഇവിടുത്തെ നിരവധിപേര്‍ക്കു ഛര്‍ദിയും വയറളിക്കവും പിടിപെട്ടു.

മാലിന്യ പ്രശ്‌നം നഗരസഭ കൈയൊഴിഞ്ഞതോടെ പ്രശ്‌നം സര്‍ക്കാരിന്റെ തലയിലായി. സര്‍ക്കാര്‍ ഭൂമിയില്‍ മാലിന്യം കുഴിച്ചു മൂടുന്നതടക്കമുള്ള പരിപാടികള്‍ തുടങ്ങിയെങ്കിലും ഇതു പൂര്‍ണമായും ഫലപ്രദമായിട്ടില്ല.

വ്യാപാര സമുച്ചയങ്ങളും ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്. സ്ഥാപനങ്ങളില്‍ ഫെബ്രുവരി 28നു മുമ്പ് മാലിന്യപ്ലാന്റ് സ്ഥാപിച്ചില്ലെങ്കില്‍ അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും നഗരസഭ രണ്ടു നോട്ടീസുകള്‍ നല്കിക്കഴിഞ്ഞു. അന്തിമ നോട്ടീസ് ഉടന്‍ നല്കും. എന്നാല്‍, മാലിന്യ സംസ്‌കരണം നിലച്ചതോടെ ഹോട്ടലുകള്‍ നേരത്തെ അടച്ചുപൂട്ടുന്നതിനെ കുറിച്ചു ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആലോചിച്ചു വരികയാണ്. പ്രശ്‌നം രൂക്ഷമായതോടെ ക്രൈസിസ് മാനേജ്‌മെന്റ് സെല്‍ രൂപീകരിക്കാന്‍ നഗരസഭ തീരുമാനിച്ചു.

വിളപ്പില്‍ശാലയിലെ സമര സമിതി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു സമരസമിതി പ്രവര്‍ത്തകര്‍. നഗരത്തില്‍ പലയിടങ്ങളിലായി ചെറു മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണു സര്‍ക്കാര്‍. എന്നാല്‍, ഇതിനു സമയം വേണം. അത്രയും ദിവസം നഗരത്തില്‍ പെരുകുന്ന മാനിന്യം എന്തു ചെയ്യണമെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. മാലിന്യപ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു ബിജെപി 26നു തിരുവനന്തപുരം നഗരത്തില്‍ ഹര്‍ത്താല്‍ ആചരിക്കും