തമിഴ്നാട്ടില്‍നിന്നു പച്ചക്കറി വീണ്ടും

തിരുവനന്തപുരം: സംഘര്‍ഷ സാധ്യത കുറവുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ വീണ്ടും കേരളത്തിലേക്ക് എത്തിത്തുടങ്ങി. തിരുവനന്തപുരം അമരവിള, കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റുകളിലൂടെയാണു കൂടുതലായും തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പുനരാരംഭിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പു തമിഴ്നാട്ടില്‍ നിന്നു പച്ചക്കറിയെത്തുന്നതു നിലച്ചിരുന്നു.
ഇവിടുത്തെ വാഹനങ്ങളില്‍ പോയി പച്ചക്കറി ശേഖരിക്കുന്നതിനു പകരം തമിഴ്നാട്ടില്‍ നിന്നുള്ള ലോറികളില്‍ ഇവിടെ എത്തിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി അമരവിള ചെക്ക് പോസ്റ്റിലൂടെ 60-ഓളം പച്ചക്കറി ലോറികളാണു കടന്നെത്തിയത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പച്ചക്കറി വിതരണ ഏജന്‍സികളായ ഹോര്‍ട്ടികോര്‍പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലും കര്‍ണാടകയില്‍ നിന്നു പച്ചക്കറി എത്തിക്കുന്ന നടപടികള്‍ ആരംഭിച്ചതിനു പിന്നാലെയാണു തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പുനരാരംഭിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കെട്ടിക്കിടന്നു നശിക്കുന്ന അവസ്ഥയെത്തിയതും വിതരണം പുനരാരംഭിക്കുന്നതിനുള്ള പ്രധാനകാരണമാണെന്നു വ്യാപാരികള്‍ പറയുന്നു.
സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ക്കുളള പച്ചക്കറിയും തമിഴ്നാട്ടില്‍ നിന്ന് എത്തിയിട്ടുണ്ട്. നാഗര്‍കോവില്‍, തിരുനെല്‍വേലി, ഒറ്റസത്രം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണു കൂടുതലായും പച്ചക്കറി എത്തിയത്.
തമിഴ്നാട്ടില്‍ പച്ചക്കറി വരവ് നിലച്ചതോടെ ബീ്ന്സ്, ക്യാപ്സിക്ക എന്നിവ വിപണിയില്‍ ലഭിക്കാതായി. ബീന്‍സിനു കിലോക്കു 70 രൂപയ്ക്കു മുകളിലെത്തിയിരുന്നു. മുരിങ്ങയ്ക്കക്കു ചെറുകിട കച്ചവടക്കാര്‍ 100 രൂപ വരെ ഈടാക്കിയിരുന്നു.