കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു

single-img
25 December 2011

ബാംഗളൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു. ബാംഗളൂരിലെ മല്യ ആശുപത്രിയില്‍ രാത്രി 12.45 ഓടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖവും പ്രമേഹവും അലട്ടിയിരുന്ന അദ്ദേഹം ഈ മാസം ഏഴ് മുതല്‍ ചികിത്സയിലായിരുന്നു. ജന്‍മദേശമായ ഷിമോഗയില്‍ നാളെയാണ് സംസ്‌കാരം.

1932 ഒക്‌ടോബര്‍ 26 ന് ഷിമോഗയിലെ കൂബത്തൂര്‍ ഗ്രാമത്തിലായിരുന്നു ബംഗാരപ്പയുടെ ജനനം. 1967 ലായിരുന്നു ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 1977-78 ല്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയായി. വിവിധ മന്ത്രിസഭകളില്‍ പൊതുമരാമത്ത് കാര്‍ഷിക, റവന്യൂ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 1990-92 കാലയളവിലാണ് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയുമായും കോണ്‍ഗ്രസുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ജനതാദള്‍ എസുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടക വികാസ് പാര്‍ട്ടിയും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയും രൂപീകരിച്ചു.

85-87 കാലയളവില്‍ കര്‍ണാടകയുടെ പ്രതിപക്ഷ നേതാവായും ഇരുന്നിട്ടുണ്ട്. 1999 ലും 2003 ലും ഉള്‍പ്പെടെ മൂന്നു തവണ ലോക്‌സഭാംഗമായി.