മുല്ലപ്പെരിയാര്‍: പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രശ്രമം വിജയിച്ചിട്ടില്ലെന്ന് എ.കെ. ആന്റണി

തൃശൂര്‍: മുല്ലപ്പെരിയാര്‍ വിഷയം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രം നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇനിയും പ്രശ്നപരിഹാരത്തിനായി കേന്ദ്രം ശ്രമം തുടരുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ രാമനിലയത്തില്‍ പത്രപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വഴി മാത്രം പ്രശ്നപരിഹാരത്തിന് കാത്തുനില്‍ക്കാതെ ഇരുസംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. ഒരു ദേശീയരാഷ്ട്രീയ കക്ഷിയും പ്രശ്നം പരിഹരിക്കണം എന്ന് പറയുന്നതല്ലാതെ എങ്ങിനെ പരിഹരിക്കണം എന്നതിന് ഒരു നിര്‍ദേശം പോലും പറയുന്നില്ല. ചര്‍ച്ചകളിലൂടെ രമ്യമായ പരിഹാരം കാണാന്‍ കേരളവും തമിഴ്നാടും ശ്രമിക്കണം. അതിനായി കേന്ദ്രം എല്ലാ സഹായസഹകരണവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നം പരിഹാരമില്ലാതെ നീണ്ടുപോകുന്നതിനൊപ്പം സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിലും എല്ലാവര്ക്കും പ്രയാസമുണ്ട്.
തര്‍ക്കങ്ങള്‍ മനുഷ്യബന്ധങ്ങളെ തകര്‍ക്കരുത്. കേരളീയരും തമിഴരും നൂറ്റാണ്ടുകളായി സൗഹൃദത്തില്‍ കഴിയുന്നവരാണ്. ലക്ഷക്കണക്കിന് മലയാളികള്‍ തമിഴ്നാട്ടിലും ലക്ഷക്കണക്കിന് തമിഴര്‍ കേരളത്തിലുമുണ്ട്. രണ്ടിടത്തേയും ജനങ്ങള്‍ മാനസിക പീഡനമനുഭവിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളും വരെ രണ്ടുചേരിയായി നില്ക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നാഹസാരെയ്ക്ക് പിന്നില്‍ വിദേശശക്തികളുണെ്ടന്ന് കരുതുന്നില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ തകിടം മറിക്കാന്‍ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ജനപിന്തുണ ഏറ്റവുമധികമുളള കക്ഷി കോണ്‍ഗ്രസാണ്. നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ലോക്പാല്‍ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ആന്റണി പറഞ്ഞു.
സി.എ.ജി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. സ്വീകരിക്കാവുന്ന വിമര്‍ശനം സ്വീകരിക്കും. പിറവം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനും മറ്റും അതൃപതിയുണെ്ടങ്കില് അത് കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടുത്താം. 45 ഇന്ത്യന്‍ തീരങ്ങളില്‍ റഡാറുകള്‍ സ്ഥാപിക്കുന്ന കൂട്ടത്തില്‍ കേരളത്തിലെ തീരപ്രദേശങ്ങളിലും റഡാറുകള്‍ സ്ഥാപിക്കുമെന്നും കേന്ദ്രപ്രതിരോധമന്ത്രി വ്യക്തമാക്കി.