കൊച്ചി തുറമുഖം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

single-img
24 December 2011

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണു കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നീങ്ങുന്നതെന്നു സൂചനകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 കോടി രൂപയായിരുന്ന നഷ്ടം ഇത്തവണ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് അറിയുന്നത്. വല്ലാര്‍പാടം രാജ്യാന്തര കണെ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനായി നടത്തിയ ഡ്രെജിംഗ് ആണു പോര്‍ട്ടിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പ് തുറമുഖത്തെ ഡ്രെജിംഗ് ചെലവ് ശരാശരി 40 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 165 കോടിയിലെത്തി. കൊച്ചി റിഫൈനറീസ്, പെട്രോനെറ്റ് എല്‍എന്‍ജി തുടങ്ങിയ കമ്പനികള്‍ പോര്‍ട്ട് ട്രസ്റ്റിന് കോടിക്കണക്കിനു രൂപ കൊടുത്തു തീര്‍ക്കാനുമുണ്ട്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്) നടപ്പാക്കാനും നീക്കമുണ്ട്. വര്‍ഷം ശരാശരി 12 കോടി രൂപയുടെ ലാഭം ഇതുമൂലം പോര്‍ട്ട് ട്രസ്റ്റിനുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

ആകെയുള്ള 3,100 ജീവനക്കാരില്‍ 500 പേരെങ്കിലും വിആര്‍എസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുവാദത്തിനായി വിആര്‍എസ് നിര്‍ദേശം സമര്‍പ്പിച്ചതായി അറിയുന്നു. 1998നു ശേഷം ആദ്യമായാണു കൊച്ചിന്‍ പോര്‍ട്ടില്‍ ജീവനക്കാര്‍ക്ക് വിആര്‍എസിന് അനുമതി നല്‍കുന്നത്. പത്തു വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും മൂന്നു വര്‍ഷം ശേഷിക്കുന്നവര്‍ക്കുമാണു വിആര്‍എസ് നിര്‍ദേശം എന്നറിയുന്നു. സര്‍വീസ് പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 45 ദിവസത്തെ ശമ്പളം ലഭിക്കും.

വിആര്‍എസ് എടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെയുള്ള റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. വിആര്‍എസ് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ 100 കോടി രൂപയെങ്കിലും അനുവദിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. ഇതിനു പുറമേ രണ്ടു വര്‍ഷത്തേക്ക് ഓവര്‍ടൈമോ ലീവിന്റെയോ യാത്രയുടെയോ ആനുകൂല്യങ്ങളോ നല്‍കേണെ്ടന്നും തീരുമാനമായിട്ടുണ്ട്. ഉല്‍സവകാലങ്ങളിലുള്ള മുന്‍കൂര്‍ ശമ്പളം, വാഹന, ഭവന വായ്പകള്‍ എന്നിവയും ഇനി ഉണ്ടാകാന്‍ സാധ്യതയില്ല. വാടകയ്ക്കു വാഹനങ്ങളെടുക്കുന്നതിനും നിയന്ത്രണമുണ്ടാകും.

അതേസമയം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാളെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാനായി തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.