പ്രധാനമന്ത്രി നാളെ തമിഴ്‌നാട് സന്ദര്‍ശിക്കും

single-img
24 December 2011

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നവും കൂടംകുളം ആണവനിലയം സംബന്ധിച്ച വിഷയവും കത്തിനില്‍ക്കേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിനുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി ജയലളിത, പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

Donate to evartha to support Independent journalism

ജയലളിത സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിഎംകെ നേതാവ് എം. കരുണാനിധി അറിയിച്ചു. കേരളത്തിലെ തമിഴ് വംശജര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ പ്രതിരോധിക്കുന്നതും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കരുണാനിധി വ്യക്തമാക്കി.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് വിഘാതം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് സന്ദര്‍ശിക്കുന്ന മന്‍മോഹന്‍സിംഗിനുനേരെ കരിങ്കൊടി പ്രകടനം നടത്തുമെന്ന് എം.ഡി.എം.കെ. നേതാവ് വൈകൊയും ഡി.എം.ഡി.കെ. നേതാവ് വിജയകാന്തും പ്രഖ്യാപിച്ചിട്ടുണ്ട്.